റയൽ മാഡ്രിഡും വിയ്യാറയലും ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആൻസലോട്ടി


സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡും വിയ്യാറയലും ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇടം പിടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലെന്ന് ലോസ് ബ്ലാങ്കോസ് പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്നു രാത്രി മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങി നിൽക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുറത്താകലിന്റെ വക്കത്തെത്തിയിട്ടും വമ്പൻ തിരിച്ചുവരവ് നടത്തി ടൂർണമെന്റിൽ ഇതുവരെയെത്തിയ ടീമിന്റെ പ്രകടനത്തെ ആൻസലോട്ടി പരാമർശിച്ചത്.
"ഇവിടെ വരെയെത്തുമെന്ന് ആരും പ്രതീക്ഷിക്കാത്ത രണ്ടു ടീമുകൾ സെമി ഫൈനലിലുണ്ട്, റയൽ മാഡ്രിഡും വിയ്യാറയലും. ആ സമയത്ത് മാധ്യമങ്ങളും പൊതുവായ ആളുകളും പറഞ്ഞത് എനിക്കോർമയുണ്ട്. ഞങ്ങൾ ഇവിടെയെത്തി, അതിലെനിക്ക് സന്തോഷമുണ്ട്. റയൽ മാഡ്രിഡ് എല്ലായിപ്പോഴും പോരാടും." ആൻസലോട്ടി പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്തു വെച്ചു നടക്കുന്ന മത്സരത്തിൽ മികച്ചൊരു വിജയം ഉണ്ടാക്കാൻ കഴിയില്ലെന്ന സൂചനയും അദ്ദേഹം നൽകി.
"ഞങ്ങൾ ഈ മത്സരഫലം നാളെത്തന്നെ തീരുമാനിക്കാൻ പോകുന്നില്ല. അത് ബെർണാബുവിൽ വെച്ചാവും തീരുമാനിക്കപ്പെടുക, എനിക്ക് മുന്നിലുള്ള ചോദ്യം രണ്ടു സ്ട്രൈക്കേഴ്സിനെയാണോ മൂന്നു സ്ട്രൈക്കേഴ്സിനെയാണോ ഇറക്കേണ്ടതെന്നാണ്. റോഡ്രിഗോയും കാമവിങ്ങയും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഈ രണ്ടു താരങ്ങളും വളരെയധികം ഊർജ്ജം ടീമിന് നൽകുന്നുണ്ട്." ആൻസലോട്ടി വ്യക്തമാക്കി.
ആക്രമണഫുട്ബോളിലൂന്നി കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അത്ലറ്റികോ മാഡ്രിഡ് സ്വീകരിച്ചതു പോലെയൊരു പ്രതിരോധാത്മക സമീപനമാകും റയൽ മാഡ്രിഡ് പുറത്തെടുക്കുകയെന്നും ആൻസലോട്ടി പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ കയ്യിൽ പന്തുള്ള സമയത്ത് അവരുടെ കളി കണ്ടു കൊണ്ടു നിൽക്കാൻ കഴിയില്ലെന്നും എല്ലാ തരത്തിലുമുള്ള സമ്മർദ്ദവും ചെലുത്തി അത് തിരിച്ചു വാങ്ങാനാണ് ടീം ശ്രമിക്കുകയെന്നും ഇറ്റാലിയൻ പരിശീലകൻ വെളിപ്പെടുത്തി.
മത്സരത്തിൽ ബ്രസീലിയൻ മധ്യനിരതാരം കസമീറോ കളിക്കുന്ന കാര്യം സംശയത്തിൽ തുടരുകയാണെന്നും ആൻസലോട്ടി അറിയിച്ചു. മാഞ്ചസ്റ്റർ സിറ്റി പോലൊരു ടീമിനെതിരെ കസമീറോയുടെ അസാന്നിധ്യം സിറ്റിക്ക് തിരിച്ചടിയാണ്. കസമീറോക്കു പുറമെ ഡേവിഡ് അലബയുടെ കാര്യത്തിലും സംശയം ഉണ്ടെന്നു പറഞ്ഞ ആൻസലോട്ടി മെൻഡി ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.