ഇന്റർ മിലാനെതിരെ റയൽ മാഡ്രിഡ് കഷ്ടപ്പെട്ടത് വളരെയധികം സന്തോഷിപ്പിച്ചുവെന്ന് ആൻസലോട്ടി


ഇന്റർ മിലാനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വിജയത്തോടു പ്രതികരിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്റർ മിലാന്റെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് തന്നെയാണ് ആധിപത്യം പുലർത്തിയതെങ്കിലും കളിയവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പകരക്കാരനായ റോഡ്രിഗോ നേടിയ ഗോളിലാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന് വിജയത്തുടക്കം കുറിച്ചത്.
റയൽ മാഡ്രിഡ് ഗോൾമുഖത്തേക്ക് ഇന്റർ മിലാൻ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും ഗോൾകീപ്പർ ക്വാർട്ടുവയുടെ മികച്ച പ്രകടനമാണ് സ്പാനിഷ് ക്ലബ്ബിനെ സഹായിച്ചത്. എന്നാൽ റയൽ മാഡ്രിഡ് മത്സരത്തിലുടനീളം കഷ്ടപ്പെട്ടത് ഇഷ്ടമായിയെന്നും അതു ടീമിനെ ഒതുക്കമുള്ള പ്രകടനം നടത്താൻ സഹായിച്ചു എന്നുമാണ് പരിശീലകനായ കാർലോ ആൻസലോട്ടി പറയുന്നത്.
The Real Madrid boss is happy. https://t.co/fqKXYmUFg1
— MARCA in English (@MARCAinENGLISH) September 15, 2021
"ഞങ്ങൾക്കു വളരെയധികം കഷ്ടപ്പെടേണ്ടി വന്നതിനാലും അതിലൂടെ ഒതുക്കമുള്ളവരായി തീരുന്നതിനാലും എനിക്ക് മത്സരം വളരെയധികം ഇഷ്ടപ്പെട്ടു. കഷ്ടപ്പാട് എങ്ങിനെയാണെന്ന് അറിയുന്നതിലും ഈ ടീമിന് ത്യാഗം ചെയ്യുന്ന സ്വഭാവമുണ്ടെന്ന് കാണിക്കുന്നതിലും എനിക്കു വളരെ സന്തോഷമുണ്ട്."
"വളരെ പ്രധാനപ്പെട്ട ഒരു വിജയമാണിത്. ആദ്യ പകുതിയേക്കാൾ ഞങ്ങൾ രണ്ടാം പകുതിയിലാണ് മികച്ചു നിന്നത്. ആദ്യ പകുതിയിൽ ഞങ്ങൾ ഒരു ഗോൾ പോലും വഴങ്ങാതിരുന്നതിനു ക്വാർട്ടുവയോട് നന്ദി പറയുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു.
ഇന്റർ മിലാൻ പ്രതിരോധത്തിൽ പൂട്ടിട്ടതോടെ വിങ്ങുകളിലൂടെ മത്സരം തുറക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് റോഡ്രിയോയെ കളത്തിലിറക്കിയതെന്നും അതു വിജയം കണ്ടുവെന്നും ആൻസലോട്ടി പറഞ്ഞു. താരങ്ങളാണ് വിജയം നൽകുന്നതെന്നും അവർ പുതുമയോടെ തുടരാൻ ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.