Football in Malayalam

"ഹസാർഡ് തിരിച്ചു വന്നുവെന്നു സമ്മതിക്കുന്നു"- റയൽ മാഡ്രിഡിന്റെ വിജയത്തിൽ ബെൽജിയൻ താരത്തെ പ്രശംസിച്ച് ആൻസലോട്ടി

Sreejith N
Athletic Club v Real Madrid CF - La Liga Santander
Athletic Club v Real Madrid CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയതിനു പിന്നാലെ ബെൽജിയൻ താരം ഈഡൻ ഹസാർഡിന്റെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ആദ്യത്ത പത്തു മിനുട്ടിൽ തന്നെ കരിം ബെൻസിമ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ റയലിനെതിരെ ഒരു ഗോൾ അത്‌ലറ്റിക് ക്ലബ് തിരിച്ചടിച്ചെങ്കിലും പരാജയം ഒഴിവാക്കാൻ അവർക്കായില്ല.

നിരവധി പ്രധാന താരങ്ങൾ കോവിഡ് അണുബാധയേറ്റതു മൂലം പുറത്തിരുന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ ബെൻസിമയാണ് രക്ഷിച്ചതെങ്കിലും ആൻസലോട്ടി പ്രത്യേകം പരാമർശിച്ചത് ഹസാർഡിന്റെ പ്രകടനത്തെയാണ്. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലാത്ത താരം ഫോമിലേക്ക് തിരിച്ചെത്തിയെന്നാണ് ആൻസലോട്ടി അഭിപ്രായപ്പെട്ടത്.

"ഹസാർഡ് തിരിച്ചു വന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. വളരെ മികച്ച പ്രകടനമാണ് ഹസാർഡ് നടത്തിയത്, വളരെ നന്നായി പോരാടി. വ്യത്യാസം തോന്നിയത് പ്രതിരോധിക്കുന്നതിലാണ്. ഹസാർഡിനും വിനീഷ്യസിനും ടീം പ്രതിരോധത്തിൽ എന്താണു ചെയ്യേണ്ടത് എന്നതിനെപ്പറ്റി നല്ല ധാരണയുണ്ട്." ആൻസലോട്ടി മത്സരത്തിനു ശേഷം പറഞ്ഞു.

കോവിഡ് അണുബാധയേറ്റതു മൂലം നിരവധി താരങ്ങൾക്ക് മത്സരം നഷ്‌ടമായെങ്കിലും അതിൽ ഏതാനും പേർക്ക് നെഗറ്റിവ് ഫലം ലഭിച്ചിട്ടുണ്ടെന്നും ആൻസലോട്ടി പറഞ്ഞു. എന്നാൽ ഏതൊക്കെ കളിക്കാർക്കാണ് നെഗറ്റിവ് ഫലം ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും അവർക്ക് രോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലായെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിൽ സെവിയ്യ ബാഴ്‌സലോണയോട് സമനില വഴങ്ങിയതിനാൽ ഈ മത്സരത്തിലെ വിജയത്തോടെ റയൽ മാഡ്രിഡിനു ലീഗിലെ പോയിന്റ് നില മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. 19 മത്സരങ്ങൾ കളിച്ച് റയൽ മാഡ്രിഡ് 46 പോയിന്റുമായി ഒന്നാമതു നിൽക്കുമ്പോൾ 18 മത്സരങ്ങൾ കളിച്ച സെവിയ്യക്ക് 38 പോയിന്റാണുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit