Football in Malayalam

ഈ സീസണിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിന് എതിരാളികളല്ലെന്ന് കാർലോ ആൻസലോട്ടി

Sreejith N
Real Sociedad v Real Madrid CF - La Liga Santander
Real Sociedad v Real Madrid CF - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഈ സീസണിൽ സമീപകാലത്തൊന്നുമില്ലാത്ത രീതിയിൽ മോശം പ്രകടനം നടത്തുന്ന ബാഴ്‌സലോണ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ റയലിന് എതിരാളികളല്ലെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. പോയിന്റ് ടേബിളിൽ ബാഴ്‌സലോണ പിന്നിലാണ് നിൽക്കുന്നതെന്നും സെവിയ്യ, റയൽ ബെറ്റിസ്‌ പോലെയുള്ള ടീമുകളെയാണ് റയൽ കൂടുതൽ സൂക്ഷിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

17 മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ 27 പോയിന്റുകൾ മാത്രം നേടിയ ബാഴ്‌സലോണ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് നിലവിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി പതിനഞ്ചു പോയിന്റിന്റെ വ്യത്യാസം ബാഴ്‌സലോണക്കിപ്പോൾ ഉണ്ടെങ്കിലും ഈ സീസണിൽ കിരീടം തന്നെയാണ് ലക്ഷ്യമെന്ന് സാവി പറഞ്ഞതിനെപ്പറ്റിയാണ് ആൻസലോട്ടി പ്രതികരിച്ചത്.

"ബാഴ്‌സലോണ ഞങ്ങൾക്ക് നേരിട്ടുള്ള എതിരാളികളല്ല. കാരണം സെവിയ്യ, റയൽ ബെറ്റിസ്‌ പോലെയുള്ള മറ്റു ടീമുകൾ അടുത്തു നിൽക്കുന്നുണ്ട്. എന്നാൽ അവർക്ക് ടേബിളിൽ മുന്നോട്ടു വരാനുള്ള നിലവാരമുണ്ട്. ഞാൻ ബാഴ്‌സലോണ പരിശീലകൻ ആയിരുന്നു എങ്കിൽ സാവി പറഞ്ഞതു തന്നെയാവും പറയുക." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ പതിമൂന്നു മത്സരങ്ങളിലും പരാജയം അറിഞ്ഞിട്ടില്ലാത്ത റയൽ മാഡ്രിഡ് അതിൽ പത്തു മത്സരങ്ങളിലും വിജയവും സ്വന്തമാക്കിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റയലും രണ്ടാം സ്ഥാനത്തു നിൽക്കുന്ന സെവിയ്യയും തമ്മിലുള്ളത് അഞ്ചു പോയിന്റിന്റെ വ്യത്യാസം മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള റയൽ ബെറ്റിസിന് മുപ്പത്തിമൂന്നു പോയിന്റാണുള്ളത്.

പോയിന്റ് ടേബിളിലെ ലീഡ് വർധിപ്പിക്കാൻ ഇന്നു നടക്കുന്ന മത്സരത്തിൽ കാഡിസിനെ നേരിടാൻ ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. കോവിഡ് ടീമിനുള്ളിൽ പടർന്നു പിടിച്ചതു കാരണം നിരവധി താരങ്ങളുടെ സേവനം ലഭ്യമാകില്ല എന്നതു ടീമിനെ സംബന്ധിച്ച് ആശങ്കയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit