Real Madrid News

റയൽ മാഡ്രിഡിന്റെ ചരിത്രത്തിന്റെ ഭാഗമായ ബേലിന് മികച്ച യാത്രയയപ്പു നൽകാൻ ആരാധകരോടാവശ്യപ്പെട്ട് ആൻസലോട്ടി

Sreejith N
Ancelotti Urges Real Madrid Fans To Give Farewell To Bale
Ancelotti Urges Real Madrid Fans To Give Farewell To Bale / Denis Doyle/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിന്റെ ചരിത്രത്തിന്റെ ഭാഗമായ ഗാരെത് ബേലിന് മികച്ച യാത്രയയപ്പു നൽകാൻ ക്ലബിന്റെ ആരാധകരോടാവശ്യപ്പെട്ട് പരിശീലകൻ കാർലോ ആൻസലോട്ടി. ഈ സീസണിലെ അവസാന ലാ ലിഗ മത്സരത്തിൽ സാന്റിയാഗോ ബെർണാബുവിൽ വെച്ച് റയൽ ബെറ്റിസിനെ നേരിടാൻ റയൽ മാഡ്രിഡ് തയ്യാറെടുക്കെയാണ് ബേലിന് യാത്രയയപ്പു നൽകാൻ അൻസലോട്ടി അഭ്യർത്ഥിച്ചത്.

ടോട്ടനത്തിൽ നിന്നും അക്കാലത്തെ ലോകറെക്കോർഡ് തുക നൽകിയാണ് ബേലിനെ 2013ൽ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. റയലിനൊപ്പം മൂന്നു ലാ ലിഗ കിരീടവും നാല് ചാമ്പ്യൻസ് ലീഗും അടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ ബേലിനായെങ്കിലും ആരാധകർക്ക് അദ്ദേഹം അത്ര അഭിമതനല്ല. ഈ സീസണോടെ കരാർ അവസാനിച്ച് ക്ലബ് വിടാനൊരുങ്ങി നിൽക്കെയാണ് താരം.

"ബേൽ കളിക്കുന്നുണ്ടോയെന്നതല്ല പ്രധാനം, താരം ഈ ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നതാണു പ്രധാനം. താരം ഇപ്പോഴും റയൽ മാഡ്രിഡ് ആരാധകരുടെ ഓർമകളിൽ ഉണ്ടാകും. താരം ചില അദ്ധ്യായങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്, നമ്മളത് മനസിലാക്കണം." മാധ്യമങ്ങളോട് സംസാരിക്കേ ആൻസലോട്ടി പറഞ്ഞു.

നിരന്തരമായ പരിക്കും അതു കാരണമുള്ള മോശം ഫോമും റയൽ മാഡ്രിഡ് വിൽക്കാനൊരുങ്ങിയിട്ടും ക്ലബ് വിടാൻ തയ്യാറാകാതെ നിന്നതുമെല്ലാമാണ് ബേൽ ആരാധകർക്ക് അനഭിമതനാകാൻ കാരണം. ഇതിനു പുറമെ റയൽ മാഡ്രിഡ് ക്ലബിന് വേണ്ടത്ര പരിഗണന നൽകാതെയുള്ള പ്രവൃത്തികൾ കളത്തിനു പുറത്ത് താരം ചെയ്‌തതും ആരാധകരോഷം ഉയരാൻ കാരണമായി.

റയൽ മാഡ്രിഡിനായി 250ഓളം മത്സരങ്ങൾ കളിച്ച് നൂറു ഗോളുകൾ നേടിയിട്ടുള്ള ബേൽ പല കിരീടങ്ങളും റയൽ മാഡ്രിഡിന് ഒറ്റക്ക് നേടിക്കൊടുത്തിട്ടുണ്ട്. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ നേടിയ ഇരട്ടഗോളുകൾ അതിനു ഉദാഹരണവുമാണ്. അടുത്ത സീസണിൽ താരം എവിടേക്കാണ് ചേക്കേറുകയെന്നതിൽ പക്ഷെ വ്യക്തതയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit