Football in Malayalam

രണ്ടു വർഷത്തിലൊരിക്കൽ ഫുട്ബോൾ ലോകകപ്പ് നടത്തുകയെന്ന ആശയത്തെ കളിയാക്കുന്ന പ്രതികരണവുമായി കാർലോ ആൻസലോട്ടി

Sreejith N
Inter v Real Madrid: Group D - UEFA Champions League
Inter v Real Madrid: Group D - UEFA Champions League / Jonathan Moscrop/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തണം എന്ന ആശയത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രതികരണം നടത്തി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. ഓരോ വർഷത്തിലും ലോകകപ്പ് നടത്താമെന്നാണ് ഫിഫയുടെ പുതിയ പദ്ധതികളെക്കുറിച്ച് തമാശരൂപത്തിൽ പ്രതികരിച്ചത്. ലോകകപ്പിനു പുതിയൊരു മാറ്റം വരുമ്പോൾ അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരുടെയും ആശങ്ക പരിഹരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെന് ചീഫായ മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൺ വെങ്ങറാണ് രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന ആശയം വീണ്ടും സജീവമാക്കിയത്. ഫിഫക്ക് ഇതിൽ വളരെയധികം താൽപര്യമുണ്ട് എങ്കിലും യുവേഫയടക്കമുള്ള മറ്റ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ കടുത്ത എതിർപ്പാണു പ്രകടിപ്പിക്കുന്നത്.

"ലോകകപ്പ് ഓരോ രണ്ടു വർഷം കൂടുമ്പോഴും? നല്ലത്, നമ്മൾ അവിടെയെത്തിയ സ്ഥിതിക്ക് ഓരോ വർഷവും ഒരെണ്ണം നടത്താവുന്നതാണ്." റായ് റേഡിയോയോട് സംസാരിക്കുമ്പോൾ ആൻസലോട്ടി തമാശരൂപത്തിൽ പറഞ്ഞു. "എന്നാൽ മത്സരങ്ങളുടെ ഷെഡ്യൂൾ ഗുരുതരമായ പ്രശ്‌നമാകും. അതിൽ മാറ്റങ്ങൾ വരാനുണ്ട്. അപ്രധാനമായ പല മത്സരങ്ങളുമുണ്ട്." അൻസലോട്ടി കൂട്ടിച്ചേർത്തു.

"ഫിഫയും യുവേഫയും അതേക്കുറിച്ച് സംസാരിക്കണം. നിലവിൽ അവർ രണ്ടു പേരും ഇക്കാര്യത്തിൽ പരസ്‌പരം അംഗീകരിക്കാൻ സാധ്യതയില്ല. എന്നാൽ കളിക്കാർക്കു മുന്നിലുളള സമ്മർദ്ദം വളരെ വലുതാണ്." ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കി.

ഈ സീസണിൽ ഇറ്റലിയിൽ കിരീടപ്പോരാട്ടം കടുപ്പമാകുമെന്ന അഭിപ്രായവും അതിനൊപ്പം ആൻസലോട്ടി പ്രകടിപ്പിച്ചു. മൗറീന്യോ പരിശീലകനായി എത്തിയതോടെ റോമ കൂടുതൽ കരുത്തു കാണിക്കുമെന്നും അതിനൊപ്പം മിലാനും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മോശം ഫോമിനെ അല്ലെഗ്രിയുടെ യുവന്റസ് മറികടക്കുമെന്ന പ്രതീക്ഷയും ആൻസലോട്ടി പ്രകടിപ്പിച്ചു.

facebooktwitterreddit