"ഗെറ്റാഫക്കെതിരെയും റയൽ മാഡ്രിഡ് അവധി ദിവസങ്ങളിലായിരുന്നു"- തോൽ‌വിയിൽ അസംതൃപ്‌തി പ്രകടിപ്പിച്ച് ആൻസലോട്ടി

Athletic Club v Real Madrid CF - La Liga Santander
Athletic Club v Real Madrid CF - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമുകളിൽ ഒന്നാണെങ്കിലും 2022ന്റെ തുടക്കം റയൽ മാഡ്രിഡിന് കയ്‌പ്പേറിയ അനുഭവമാണ് സമ്മാനിച്ചത്. ഗെറ്റാഫക്കെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി നേരിട്ടതോടെയാണ് റയൽ മാഡ്രിഡിന് പുതുവർഷത്തിന്റെ തുടക്കം മോശം അനുഭവമായത്. എഡർ മിലിറ്റാവോ വരുത്തിയ പിഴവിൽ നിന്നും എനസ് ഉനാലാണ് ഗെറ്റാഫയുടെ ഒരേയൊരു ഗോൾ നേടിയത്.

ലാ ലിഗ കിരീടപ്പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ടീം പുതിയ വർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയതിൽ തന്റെ അതൃപ്‌തി പരിശീലകൻ കാർലോ ആൻസലോട്ടി മത്സരത്തിനു ശേഷം പ്രകടമാക്കുകയും ചെയ്‌തു. ഗെറ്റാഫക്കെതിരെ നടന്ന മത്സരത്തിലും റയൽ മാഡ്രിഡ് താരങ്ങൾ അവധി ദിവസങ്ങളിൽ തന്നെയായിരുന്നു എന്നാണ് ഇറ്റാലിയൻ പരിശീലകൻ പറഞ്ഞത്.

"ഗോളിനു ശേഷമുള്ള പത്തു മിനുട്ടുകൾ ഞങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും അതിനു ശേഷം പരിഭ്രമത്തിലായി. പന്തും അതിന്മേലുള്ള പോരാട്ടവും ഞങ്ങൾക്ക് നഷ്‌ടമായി. കൂടുതലൊന്നും ഈ മത്സരത്തെക്കുറിച്ച് പറയാനില്ല. ഞങ്ങൾ അവധിക്കാലം ഒരു ദിവസം നേടിയെടുത്തു. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ അതേ ടീമായിരുന്നില്ല ഞങ്ങൾ."

"ഞങ്ങൾക്ക് ശ്രദ്ധയും ആത്മാർത്ഥതയും വളരെ കുറവായിരുന്നു. എന്നാൽ ഞങ്ങൾ തോൽവി അർഹിച്ചിരുന്നില്ല എന്നതിനാൽ ഒരു സമനില ലഭിച്ചാലും അതു നല്ലൊരു ഫലമായേനെ. ഞങ്ങൾ ഒരു സമ്മാനം നൽകി തോൽവി വഴങ്ങി. എന്നാലിത് ഉണർന്നു കളിക്കാനുള്ള സൂചനയാണ്. ഞങ്ങളിപ്പോഴും അവധിക്കാലത്തെന്ന പോലെ ആയിരുന്നു." അൻസലോട്ടി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

അതേസമയം തോൽവിയിലും ടീം നടത്തിയ പ്രകടനത്തിൽ ആൻസലോട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. ശനിയാഴ്‌ച നടത്തിയ പരിശീലനത്തിൽ ടീമിന് അവരുടെ മത്സരാത്മക സ്വഭാവം തിരിച്ചു ലഭിച്ചതു തനിക്ക് അനുഭവപ്പെട്ടുവെന്നും കൂടുതൽ പ്രചോദനം നേടി മികച്ച പ്രകടനം നടത്താൻ റയൽ മാഡ്രിഡിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.