റയൽ മാഡ്രിഡ് തീവ്രതയോടെ കളിച്ചു, നിർഭാഗ്യമാണ്‌ തോൽവിക്കു കാരണമായതെന്ന് ആൻസെലോട്ടി

Sreejith N
Real Madrid v Sheriff - UEFA Champions League
Real Madrid v Sheriff - UEFA Champions League / Anadolu Agency/Getty Images
facebooktwitterreddit

മോൾഡോവൻ ക്ലബായ ഷെരിഫിനെതിരെ സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡ് ഞെട്ടിക്കുന്ന തോൽവി വഴങ്ങാൻ കാരണം കമവിങ്ങയെ ലെഫ്റ്റ് ബാക്കായി കളിപ്പിച്ചതു കൊണ്ടല്ലെന്നും, നിർഭാഗ്യമാണ്‌ ടീമിന്റെ തോൽവിക്ക് കാരണമായതെന്നും പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് എഫ്‌സി ഷെരിഫിനോടു തോൽവി വഴങ്ങിയത്.

ടീം ഫോർമേഷനിൽ പരീക്ഷണം നടത്തിയ ആൻസലോട്ടി ഫെഡെ വാൽവെർദെയെ റൈറ്റ് ബാക്കായും എഡ്വേർഡോ കമവിങ്ങയെ ലെഫ്റ്റ് ബാക്കായുമാണ് ഇറക്കിയത്. ഇതിനു ശേഷം മുഴുവൻ സമയത്തും ആക്രമണ ഫുട്ബോൾ കളിച്ച റയൽ മാഡ്രിഡിനെ തടഞ്ഞു നിർത്തി മികച്ച രീതിയിൽ പ്രത്യാക്രമണം നടത്തിയാണ് ഷെരിഫ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. എന്നാൽ തന്റെ പദ്ധതികളല്ല തോൽവിക്ക് കാരണമായതെന്നാണ് ആൻസലോട്ടി വ്യക്തമാക്കിയത്.

"കമവിംഗ അവിടെ കളിക്കുന്നത് പതിവാണെന്നു ഞാൻ കരുതുന്നു. വലതു വശത്ത് വാൽവെർദെ വളരെയധികം മുന്നോട്ടു പോയി. കളി നിയന്ത്രണത്തിൽ തന്നെയായിരുന്നു. കമവിംഗയെ ലെഫ്റ്റ് ബാക്കായി ഇറക്കിയതു കൊണ്ടല്ല ഞങ്ങൾ തോറ്റത്. ഞങ്ങളുടെ തോൽവി നിർഭാഗ്യം കൊണ്ടായിരുന്നു, ഒരു ത്രോ ഇൻ കാരണം.." ആൻസലോട്ടി മത്സരത്തിനു ശേഷം പറഞ്ഞു.

"ആശങ്കയേക്കാൾ കൂടുതൽ ഞങ്ങൾക്ക് ദുഖമാണുള്ളത്. തീവ്രതയും പ്രതിബന്ധത്തോടെയുമാണ് ഞങ്ങൾ മത്സരം കളിച്ചത്. എന്നാൽ ചെറിയ പിഴവുകളിൽ ഞങ്ങൾ തൊട്ടു. അവസാന മിനിറ്റുകളിൽ ഞങ്ങൾ കൂടുതൽ മികവു കാണിക്കണമായിരുന്നു, അത് വിവരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്." ആൻസലോട്ടി വ്യക്തമാക്കി.

മത്സരത്തിലുടനീളം മുപ്പത്തിയൊന്നു ഷോട്ടുകളുതിർത്ത റയൽ മാഡ്രിഡിനു വേണ്ടി ഈഡൻ ഹസാർഡ് നടത്തിയ പ്രകടനത്തെ ആൻസലോട്ടി പ്രശംസിച്ചു. ഗോളുകളുടെ അഭാവം മാത്രമാണ് ഹസാർഡ് നേരിടുന്നതെന്നും കരിം ബെൻസിമക്കൊപ്പം മികച്ച പ്രകടനം ബെൽജിയൻ താരം നടത്തിയെന്നും ആൻസെലോട്ടി കൂട്ടിച്ചേർത്തു.

facebooktwitterreddit