Football in Malayalam

"തടുക്കാനുള്ളത് എംബാപ്പയെ മാത്രമല്ല"- പിഎസ്‌ജിക്കെതിരെ റയൽ മാഡ്രിഡിന്റെ പദ്ധതികൾ വെളിപ്പെടുത്തി ആൻസലോട്ടി

Sreejith N
Ancelotti Reveals His Plans To Beat PSG
Ancelotti Reveals His Plans To Beat PSG / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

പിഎസ്‌ജിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരത്തിൽ ആദ്യപാദത്തിലെ തോൽവിയെ മറികടക്കാനുള്ള റയൽ മാഡ്രിഡിന്റെ പദ്ധതികൾ വെളിപ്പെടുത്തി പരിശീലകൻ കാർലോ ആൻസലോട്ടി. കഴിഞ്ഞ മത്സരത്തിന്റെ അവസാന നിമിഷത്തിൽ പിഎസ്‌ജിയുടെ വിജയഗോൾ നേടിയ കിലിയൻ എംബാപ്പ മാത്രമല്ല റയൽ മാഡ്രിഡിന് ഭീഷണിയെന്നു വ്യക്തമാക്കിയ ആൻസലോട്ടി വിവേകപൂർണമായ കളി കാഴ്‌ച വെക്കേണ്ടതിന്റെ പ്രാധാന്യം താരങ്ങളെ ഓർമിപ്പിക്കുകയും ചെയ്‌തു.

"എംബാപ്പയെ തടുക്കുകയെന്നതു മാത്രമല്ല റയൽ മാഡ്രിഡിന്റെ പദ്ധതി. നെയ്‌മർ, മെസി തുടങ്ങി പിഎസ്‌ജിയുടെ പ്രധാന താരങ്ങളെയെല്ലാം ഞങ്ങൾക്കു തടുക്കേണ്ടതുണ്ട്. പന്തുണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലോക്കുകളായി കളിക്കുക, തീവ്രതയോടെയും പരിപൂർണതയോടെയും വിവേകപൂർണമായ മത്സരം കാഴ്‌ച വെക്കുക എന്നതാണ് ലക്ഷ്യം."

"വിജയം മാത്രമാണ് ടീമിനു വേണ്ടത്, അവരെ തകർത്തെറിയേണ്ട കാര്യമില്ല. അതിനാൽ ഞങ്ങൾക്ക് മത്സരത്തെ ഭ്രാന്തമായി സമീപിക്കേണ്ട കാര്യമില്ല. മത്സരത്തിന്റെ തുടക്കത്തിലോ അവസാന മിനുട്ടുകളിലോ ലീഡ് നേടാൻ കഴിയും. പ്രധാനപ്പെട്ട കാര്യം തീവ്രതയോടെ കളിക്കുകയെന്നതാണ്." ആൻസലോട്ടി മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

പരിശീലനത്തിനിടെ പരിക്കേറ്റ എംബാപ്പ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം കളിക്കുമെന്ന ധാരണയോടെ തന്നെയാണ് താൻ പദ്ധതികൾ തയ്യാറാക്കുന്നത് എന്നും ആൻസലോട്ടി പറഞ്ഞു. താരങ്ങൾ പരിക്കു കൂടാതെ എല്ലാ മത്സരവും കളിക്കണം എന്നാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യപാദ മത്സരത്തിൽ റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പിഎസ്‌ജി നടത്തിയതെങ്കിലും അവസാന നിമിഷത്തിൽ നേടിയ ഒരേയൊരു ഗോളിന്റെ ലീഡ് മാത്രമാണ് അവർക്കു സ്വന്തമായുള്ളത്. അതിനാൽ തന്നെ സ്വന്തം മൈതാനത്തു നടക്കുന്ന രണ്ടാം പാദത്തിൽ പിഎസ്‌ജിയെ മറികടക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ റയൽ മാഡ്രിഡിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit