ബാഴ്‌സലോണക്ക് മോശം സമയമാണെന്നതു തന്നെ സന്തോഷിപ്പിക്കുന്ന കാര്യമല്ലെന്നു കാർലോ ആൻസലോട്ടി

Sreejith N
Valencia v Real Madrid - La Liga Santander
Valencia v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

പുതിയ സീസണിൽ കാർലോ ആൻസലോട്ടിക്കു കീഴിൽ റയൽ മാഡ്രിഡ് മികച്ച ഫോമിൽ കളിച്ചു മുന്നേറുമ്പോൾ അവരുടെ ചിരവൈരികളായ ബാഴ്‌സയുടെ അവസ്ഥ പരിതാപകരമാണ്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടാൻ കഴിയാതിരുന്ന ടീം അവസാന രണ്ടു മത്സരങ്ങളിൽ താരതമ്യേനെ ദുർബലരായ ടീമുകൾക്കെതിരെയാണ് സമനില വഴങ്ങിയത്.

എന്നാൽ കിരീടപ്പോരാട്ടത്തിലെ പ്രധാന എതിരാളിയായ ബാഴ്‌സ ഈ സീസണിൽ മോശം ഫോമിലാണെന്നത് തന്നെ യാതൊരു വിധത്തിലും സന്തോഷിപ്പിക്കുന്ന കാര്യമല്ലെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പറയുന്നത്. ലാ ലിഗ മത്സരത്തിൽ വിയ്യാറയലിനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇതേക്കുറിച്ച് ഇറ്റാലിയൻ പരിശീലകൻ സംസാരിച്ചത്.

"ഞാൻ മത്സരങ്ങൾ കാണുന്നു, ഫുട്ബോൾ എനിക്കിഷ്ടമാണ്. ഒരു ടീമിന് മോശം സമയമാകുന്നതിൽ എനിക്ക് സന്തോഷിക്കാൻ കഴിയില്ല. ഞാൻ എന്റെ സമയത്തിലാണ് വിലയിരുത്തൽ നടത്തി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എനിക്ക് ഫുട്ബോളും മറ്റു ഗെയിമുകൾ എല്ലാം ഇഷ്ടമാണ്, മറ്റൊന്നുമില്ല. ഒരു ടീമിൽ കാര്യങ്ങൾ ശരിയായ രീതിയിലല്ലെങ്കിൽ ഞാൻ സന്തോഷിക്കില്ല. അതു ബാഴ്‌സലോണ ആയാലും മറ്റേതെങ്കിലും ടീമായാലും." ബാഴ്‌സലോണയിലെ സാഹചര്യങ്ങളെ കുറിച്ചുള്ള അഭിപ്രായമായി ആൻസലോട്ടി പറഞ്ഞു.

അതേസമയം വിയ്യാറയലിനെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡ് ടീമിന് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും ആൻസലോട്ടി പറഞ്ഞു. വളരെയധികം തീവ്രതയോടെ ചെയ്യേണ്ട സെഷനുകൾ പരിശീലനത്തിൽ ഉണ്ടാകുമെന്നും അതുകൊണ്ടു തന്നെ മൂന്നു ദിവസം കൂടുമ്പോഴുള്ള മത്സരങ്ങൾക്ക് പൂർണമായ തലത്തിൽ ട്രെയിനിങ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടീം റൊട്ടേഷൻ വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും വിജയം നേടാൻ കഴിയുന്ന ഒരു ടീമിനെ തിരഞ്ഞെടുക്കേണ്ടത് അതിലും പ്രധാനപ്പെട്ട കാര്യമാണെന്നും ആൻസലോട്ടി പറഞ്ഞു. ഉനെ എമറി പരിശീലിപ്പിക്കുന്ന വിയ്യാറയൽ ഗുണനിലവാരത്തിലും പരിചയ സമ്പത്തിലും മുന്നിൽ നിൽക്കുന്ന ടീമാണെന്നും വളരെ പ്രധാനപ്പെട്ട മത്സരമാണിതെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു.

facebooktwitterreddit