അന്റോണിയോ റുഡിഗറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനോടാവശ്യപ്പെട്ട് ആൻസലോട്ടി


ഈ സീസണോടെ ചെൽസി കരാർ അവസാനിക്കുന്ന അന്റോണിയോ റുഡിഗറെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് വീണ്ടും നീക്കങ്ങളാരംഭിച്ചു. ഇരുപത്തിയൊമ്പതു വയസുള്ള ജർമൻ താരത്തിനായി റയൽ മാഡ്രിഡ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട് താരം മുന്നോട്ടു വെച്ച നിബന്ധനകൾ അവർ അംഗീകരിച്ചിരുന്നില്ല.
ഇപ്പോൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം തന്റെ ട്രാൻസ്ഫർ സംബന്ധമായ ആവശ്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാൻ അന്റോണിയോ റുഡിഗർ തയ്യാറായിട്ടുണ്ട്. താരത്തിന്റെ ഏജന്റ് ഇക്കാര്യം റയൽ മാഡ്രിഡിനെ അറിയിച്ചതിന്റെ ഭാഗമായാണ് ലോസ് ബ്ലാങ്കോസ് വീണ്ടും റൂഡിഗർക്കു വേണ്ടി സജീവമായി രംഗത്തു വന്നിരിക്കുന്നത്.
And Ancelotti calls for Rudiger..Source #Marca #rudiger #HalaMadrid pic.twitter.com/ozHKLbGqex
— Alexander Anyankwaa (@alexanyankwaa) April 22, 2022
കഴിഞ്ഞ വെള്ളിയാഴ്ച്ച റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ റയൽ മാഡ്രിഡിനെ അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ട താരങ്ങളിലെ പ്രധാനി കഴിഞ്ഞ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച റുഡിഗറായിരുന്നു.
ജർമൻ താരത്തെ സ്വന്തക്കാൻ കഴിഞ്ഞാൽ അത് റയൽ മാഡ്രിഡ് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കാർലോ ആൻസലോട്ടി ഉറച്ചു വിശ്വസിക്കുന്നു. താരം ടീമിലെത്തിയാൽ മിലിറ്റാവോക്കൊപ്പം സെൻട്രൽ ഡിഫൻസിൽ പങ്കാളിയാകാൻ കഴിയും. ഇതോടെ നിലവിൽ സെന്റർ ബാക്കായി കളിക്കുന്ന ഡേവിഡ് അലബക്ക് തന്റെ സ്വാഭാവികമായ പൊസിഷനായ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മാറാനും കഴിയും.
റയൽ മാഡ്രിഡിനെപ്പോലൊരു ടീമിന് അനുയോജ്യനായ താരമാണ് റുഡിഗറെന്നതിൽ യാതൊരു സംശയവുമില്ല. കളിക്കളത്തിൽ മികച്ച പ്രകടനം നടത്തുന്നതിനൊപ്പം താരത്തിന്റെ മനഃസാന്നിധ്യവും നേതൃപാടവവും റയൽ മാഡ്രിഡിന് ഗുണം ചെയ്യുന്നതാണ്. റുഡിഗർ മുന്നോട്ടു വെക്കുന്ന ഡിമാൻഡുകൾ റയലിന് അനുയോജ്യമായി തോന്നിയാൽ അടുത്ത സീസണിൽ താരം ലോസ് ബ്ലാങ്കോസിനു വേണ്ടി തന്നെയാവും കളിക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.