Football in Malayalam

കില്ലിനിയെ റയൽ മാഡ്രിഡിലെത്തിക്കാൻ ആവശ്യപ്പെട്ട് കാർലോ ആൻസലോട്ടി

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / GES-Sportfoto/Getty Images
facebooktwitterreddit

മുപ്പത്തിയാറു വയസ്സായെങ്കിലും ഇപ്പോഴും തന്റെ പ്രതിഭക്ക് യാതൊരു കൈമോശവും വന്നിട്ടില്ലെന്നു തെളിയിച്ചതാണ് ജോർജിയോ കില്ലിനി ഇറ്റലിയുടെ യൂറോ കപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചത്. എന്നാൽ ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും കരാർ അവസാനിച്ചു ഫ്രീ ഏജന്റായ കില്ലിനിക്ക് അതു പുതുക്കി നൽകാൻ താരത്തിന്റെ ക്ലബായ യുവന്റസ് ഇതുവരെയും തയ്യാറായിട്ടില്ല.

യുവന്റസിന്റെ റൊട്ടേഷൻ പോളിസി മൂലം കഴിഞ്ഞ സീസണിൽ താരതമ്യേനെ കുറവു മത്സരങ്ങൾ കളിച്ച കില്ലിനി യൂറോയിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. ബൊനുച്ചിയുമൊന്നിച്ച് പിഴവുകളില്ലാതെ ഇറ്റാലിയൻ പ്രതിരോധം കാത്ത താരം കിരീടനേട്ടത്തോടെ യൂറോപ്പിലെ ഏതാനും ക്ലബുകളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. നിലവിൽ റയൽ മാഡ്രിഡിനും താരത്തിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ റായ് സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ജോർജിയോ കില്ലിനിയെ റയൽ മാഡ്രിഡിലെത്തിക്കാൻ പരിശീലകനായ കാർലോ ആൻസലോട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സെർജിയോ റാമോസ് ക്ലബ് വിടുകയും റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കില്ലിനി ടീമിലെത്തിയാൽ അടുത്ത സീസണിൽ പ്രതിരോധം കെട്ടുറപ്പുള്ളതാവുമെന്നാണ് ഇറ്റാലിയൻ പരിശീലകൻ പ്രതീക്ഷിക്കുന്നത്.

യുവന്റസ് ഇതുവരെയും കരാർ പുതുക്കി നൽകാത്ത കില്ലിനിക്ക് യൂറോപ്പിൽ ആവശ്യക്കാരേറെയാണ്. എന്നാൽ 2005ൽ ഫിയോറെന്റീന വിട്ടതിനു ശേഷമുള്ള കഴിഞ്ഞ പതിനാറു സീസണുകളിലും ഇറ്റാലിയൻ ക്ലബിനൊപ്പം തുടർന്ന താരം യുവന്റസ് പുതിയ കരാർ നൽകുന്നതിനു വേണ്ടി കാത്തിരിക്കയാണ്. അതുണ്ടായില്ലെങ്കിൽ മാത്രമാകും താരം മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറുന്ന കാര്യം പരിഗണിക്കുക.

facebooktwitterreddit