Football in Malayalam

റയൽ മാഡ്രിഡ് കരുത്തുറ്റ ടീം, എംബാപ്പയെ സ്വന്തമാക്കുമോയെന്നു ശ്രദ്ധിക്കുന്നില്ലെന്നു ആൻസലോട്ടി

Sreejith N
Deportivo Alaves v Real Madrid CF - La Liga Santander
Deportivo Alaves v Real Madrid CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

പിഎസ്‌ജി താരമായ കെയ്‌ലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കാനുള്ള സാധ്യതകളെക്കുറിച്ച് താൻ ശ്രദ്ധിക്കുന്നില്ലെന്ന് ടീമിന്റെ പരിശീലകനായ കാർലോ ആൻസലോട്ടി. നിലവിൽ തന്നെ വളരെ കരുത്തുറ്റ ടീമാണ് റയൽ മാഡ്രിഡെന്നും സാധ്യമായ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാനുള്ള കരുത്തു തങ്ങൾക്കുണ്ടെന്നും സിദാനു പകരക്കാരനായി സ്ഥാനമേറ്റെടുത്ത ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കി.

പിഎസ്‌ജിയുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള എംബാപ്പെ അതു പുതുക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള താൽപര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ള ഫ്രഞ്ച് മുന്നേറ്റനിര താരത്തെ ഈ സമ്മർ ജാലകം അവസാനിക്കുന്നതിനു മുൻപു തന്നെ ലോസ് ബ്ലാങ്കോസ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ആൻസലോട്ടി.

"അടുത്ത ദിവസങ്ങളിൽ എംബാപ്പയുമായി ബന്ധപ്പെട്ട് എന്തു തന്നെ സംഭവിച്ചാലും ഞാനതു ശ്രദ്ധിക്കാൻ പോകുന്നില്ല. കാരണം വളരെ കരുത്തുറ്റ സ്‌ക്വാഡാണ് എന്റേത്. എന്റെ കാഴ്‌ചപ്പാടും അതു തന്നെയാണ്, ഈ സ്‌ക്വാഡിന് എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയും. വളരെ നിലവാരമുള്ള കളിക്കാരും സൂപ്പർതാരങ്ങളും നിറഞ്ഞ ടീമിലേക്ക് അവർ നന്നായി വർക്ക് ചെയ്‌താൽ കിരീടങ്ങൾ വന്നു ചേരും." ആൻസലോട്ടി പറഞ്ഞു.

ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ മികച്ചതാണെന്നു പറഞ്ഞ ആൻസലോട്ടി വളരെ കരുത്തുറ്റ വ്യക്തിത്വവും നിലവാരമുള്ള പ്രകടനം കാഴ്‌ച വെക്കാൻ കഴിയുന്ന താരങ്ങളെയും ഒരുമിപ്പിക്കുകയാണ് പ്രധാനപ്പെട്ട ദൗത്യമെന്നും വെളിപ്പെടുത്തി. താൻ കളിക്കാരനായിരുന്ന സമയത്തേക്കാൾ താരങ്ങളെ മാനസികമായി ഒരുക്കേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിലെ ആദ്യ മത്സരത്തിൽ അലാവസിനെതിരെ ഒന്നിനെതിരെ നാലു ഗോളുകളുടെ മികച്ച വിജയം നേടിയ റയൽ മാഡ്രിഡ് ഇന്നു രാത്രി ലെവാന്റയെ നേരിടാനിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ബെൻസിമയുടെ കരുത്തിൽ മികച്ച വിജയം ടീം സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit