റയലിന്റെ വിജയത്തിൽ മൂന്നു താരങ്ങളെ പ്രത്യേകം പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി


യുക്രൈനിയൻ ക്ലബായ ഷക്തറിനെതിരെ റയൽ മാഡ്രിഡ് നേടിയ വിജയത്തിൽ ടീമിലെ മധ്യനിര താരങ്ങളെ പ്രത്യേകം പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. എതിരില്ലാതെ അഞ്ചു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിനു ശേഷം, സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടും ടീമിനു വേണ്ടി മോഡ്രിച്ച്, ക്രൂസ്, കസമീറോ എന്നിവർ നടത്തുന്ന ആത്മാർത്ഥമായ പ്രകടനത്തെയാണ് ആൻസലോട്ടി പ്രശംസിച്ചത്.
"ആ മൂന്നു പേർ എല്ലാം വിജയിച്ചെങ്കിലും അവർക്ക് ഇപ്പോഴും ആഗ്രഹവും ആത്മാര്ഥതയുമുണ്ട്. അവരെ നിങ്ങൾക്ക് അഭിനന്ദിക്കാൻ മാത്രമേ കഴിയൂ, മറ്റൊന്നും പറയാൻ കഴിയില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു. മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ ബെൻസിമയെയും ആൻസലോട്ടി പ്രശംസിച്ചു.
? ”They still have that ambition and commitment.”https://t.co/8JlfoQDyOn
— MARCA in English (@MARCAinENGLISH) October 20, 2021
"ബെൻസിമയിപ്പോൾ കൂടുതൽ നേതൃഗുണമുള്ളയാളായി മാറിയിരിക്കുന്നു, മോഡ്രിച്ച്, കസമീറോ, ക്രൂസ് എന്നിവരെപ്പോലെ. ഇപ്പോൾ ഞാനവനെ മുൻപത്തേക്കാളധികം നിഷ്ഠൂഇടുന്നു. മെൻഡി തിരിച്ചു വന്നതും ഞങ്ങൾക്കു പ്രധാനപ്പെട്ട കാര്യമാണ്. അവൻ മികച്ച പ്രകടനമാണ് അറുപത്തിയഞ്ചു മിനിറ്റുകളിൽ നടത്തിയത്." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിനീഷ്യസിന്റെ പ്രകടനത്തെയും അഭിനന്ദിച്ച ആൻസലോട്ടി ഒരു ടീമെന്ന നിലയിൽ റയൽ മാഡ്രിഡ് മികച്ചു നിന്നുവെന്ന് അതിനൊപ്പം കൂട്ടിച്ചേർത്തു. അതേസമയം അടുത്ത മത്സരത്തിൽ ബാഴ്സ നേരിടുമ്പോൾ അതു വ്യത്യസ്തമായിരിക്കുമെന്നും ആൻസലോട്ടി പറഞ്ഞു.
"ഷക്തർ പ്രത്യാക്രമണങ്ങളിൽ ഉണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് ഞങ്ങൾക്കു ബോധ്യമുണ്ടായിരുന്നു. മത്സരഫലം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ബാഴ്സലോണക്കെതിരായ മത്സരം വ്യത്യസ്തമാണ്, അതു മറ്റൊരു കഥയായിരിക്കും." ആൻസലോട്ടി വ്യക്തമാക്കി.
മത്സരത്തിൽ ഒരു ഗോൾ നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത റോഡ്രിഗോ പ്രതിരോധത്തിൽ നൽകിയ സംഭാവനകളെ പരാമർശിച്ച ആൻസലോട്ടി എൽ ക്ളാസികോ മത്സരത്തിൽ ബ്രസീലിയൻ താരം ആദ്യ ഇലവനിലിറങ്ങാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.