Football in Malayalam

റയൽ മാഡ്രിഡ് കിരീടം നേടുമെന്നുറപ്പിക്കാൻ കഴിയില്ല, മുൻപുണ്ടായ അനുഭവം വെളിപ്പെടുത്തി കാർലോ ആൻസലോട്ടി

Sreejith N
Real Madrid v FC Internazionale: Group D - UEFA Champions League
Real Madrid v FC Internazionale: Group D - UEFA Champions League / Angel Martinez/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയം നേടിയതോടെ ലീഗ് പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് തങ്ങളുടെ പ്രധാന എതിരാളികൾക്കെതിരെ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ കരിം ബെൻസിമ, മാർകോ അസെൻസിയോ എന്നിവർ നേടിയ ഗോളിലാണ് റയൽ വിജയം നേടിയത്. രണ്ടു ഗോളിനും വഴിയൊരുക്കിയത് വിനീഷ്യസ് ജൂനിയറായിരുന്നു.

ഒരു മത്സരം കുറവു കളിച്ച് എട്ടു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സെവിയ്യ കിരീടപ്പോരാട്ടത്തിൽ ഭീഷണി ഉയർത്തിയേക്കുമെങ്കിലും അത്ലറ്റികോ മാഡ്രിഡുമായി പതിമൂന്നു പോയിന്റും ബാഴ്‌സലോണയുമായി പതിനെട്ടു പോയിന്റും വ്യത്യാസം റയലിനുണ്ട്. എന്നാൽ നിലവിലെ ഈ മുൻ‌തൂക്കം റയലിനു കിരീടം ഉറപ്പു നൽകില്ലെന്നാണ് ടീമിനൊപ്പം മുൻപുണ്ടായ അനുഭവത്തിൽ നിന്നും ആൻസലോട്ടി പറയുന്നത്.

"കിരീടം നേടാൻ ഏറ്റവുമധികം സാധ്യത ഞങ്ങൾക്കു തന്നെയാണ്, നിങ്ങൾക്കത് പറയാൻ കഴിയും. പക്ഷെ ഞങ്ങൾ അടുത്ത കളിയിൽ മാത്രമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. മാനസികമായി താഴേക്കു പോയാൽ അതിനു വലിയ വില നൽകേണ്ടി വരും, അതിനാൽ ഇങ്ങനെ തന്നെ തുടരേണ്ടതുണ്ട്." അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൻസലോട്ടി പറഞ്ഞു.

"ഞാൻ മുൻപിവിടെ ഉണ്ടായിരുന്ന സമയത്ത്, രണ്ടാം വർഷത്തിൽ ഇരുപത്തിരണ്ടു മത്സരങ്ങളാണ് തുടർച്ചയായി വിജയിച്ചത്. എന്നാൽ സീസണിന്റെ രണ്ടാം പകുതി അത്ര മികച്ചതായിരുന്നില്ല. ഞാനത് മറക്കില്ല. നിലവിൽ ഞാൻ തൃപ്‌തനാണെങ്കിലും സീസണിന്റെ പകുതിയിൽ ഇടർച്ചകൾ ഉണ്ടായേക്കാം. മുൻപുണ്ടായ അനുഭവം ആ പിഴവുകൾ തിരുത്താൻ എന്നെ സഹായിക്കുമെന്ന് കരുതുന്നു." ആൻസലോട്ടി വ്യക്തമാക്കി.

മത്സരത്തിൽ ടീമിന്റെ പ്രകടനത്തെയും ആൻസലോട്ടി പ്രശംസിച്ചു. ഈ സ്‌ക്വാഡ് തന്നെ വളരെയധികം ശാന്തനായി തുടരാൻ സഹായിക്കുന്നുണ്ടെന്നു പറഞ്ഞ ആൻസലോട്ടി കൂടുതൽ പ്രശംസ നൽകിയത് ടീമിന്റെ പ്രതിരോധമികവിലാണ്. വളരെയധികം പ്രെസ്സ് ചെയ്‌തു കളിക്കുന്നില്ലെങ്കിലും കൃത്യമായി പ്രത്യാക്രമണങ്ങൾ സൃഷ്ടിച്ചെടുക്കാൻ ടീമിനു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit