La Liga

"അത്ലറ്റികോക്ക് പോയിന്റ് ആവശ്യമാണ്, ഞങ്ങൾക്കതു വേണ്ട"- റയലിന്റെ തോൽ‌വിയിൽ പ്രതികരിച്ച് ആൻസലോട്ടി

Sreejith N
Ancelotti Not Concerned About Real Madrid Defeat
Ancelotti Not Concerned About Real Madrid Defeat / Quality Sport Images/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരെ ഇന്നലെ രാത്രി നടന്ന ലാ ലിഗ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയതിൽ യാതൊരു ആശങ്കയുമില്ലാതെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. വിജയിക്കണമെന്ന മനോഭാവം ഇതുപോലെയുള്ള മത്സരങ്ങളിൽ പ്രധാനമാണെന്നും അത്ലറ്റികോ മാഡ്രിഡിന് പോയിന്റ് ആവശ്യമായതു കൊണ്ട് അവരതു നേടിയെന്നും റയലിന് അതാവശ്യമില്ലായിരുന്നു എന്നും ആൻസലോട്ടി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫൈനലടക്കം മുൻനിർത്തി നിരവധി പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് റയൽ മാഡ്രിഡ് വാൻഡ മെട്രോപ്പോളിറ്റാനോയിൽ ഇറങ്ങിയത്. യാനിക്ക് കരാസ്‌കോ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിനു മറുപടി നൽകാൻ പ്രധാന താരങ്ങളുടെ അഭാവത്തിൽ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല. ഇതോടെ വാൻഡ മെട്രോപ്പോളിറ്റാനോയിൽ റയൽ മാഡ്രിഡിനെതിരെ ആദ്യ ജയം കൂടിയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്.

"മാനസികമായ വശങ്ങൾ ഇതുപോലെയുള്ള മത്സരങ്ങളിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്ലറ്റികോക്ക് പോയിന്റ് വളരെ ആവശ്യമായിരുന്നു എന്നതിനാൽ തന്നെ അവർക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നു, എന്നാൽ ഞങ്ങൾക്കത് ആവശ്യമുണ്ടായിരുന്നില്ല. ക്ഷീണമുള്ള താരങ്ങളെ ശാരീരിക പ്രശ്‌നങ്ങൾ വരാതിരിക്കാൻ മാറ്റി നിർത്തി അവസരങ്ങൾ കുറച്ചു ലഭിക്കുന്ന താരങ്ങളെ ഉപയോഗിക്കുകയും വേണ്ടിയിരുന്നു."

"ഞങ്ങൾ ആദ്യപകുതിയിൽ കുറച്ചു കൂടി മികച്ച പ്രകടനം നടത്തേണ്ടിയിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ ബെൻസിമ, മോഡ്രിച്ച്, വിനീഷ്യസ് എന്നിവർക്കെല്ലാം കൂടുതൽ മിനുട്ടുകൾ നൽകും. ഞങ്ങൾക്ക് ടീമിന്റെ താളം കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ കാർലോ ആൻസലോട്ടി പറഞ്ഞു.

നേരത്തെ ലാ ലിഗ കിരീടം നേടിയ റയൽ മാഡ്രിഡ് അവരുടെ പ്രധാന ടീമിനെ ഇറക്കാതിരുന്നത് അത്ലറ്റികോയെ വിജയം നേടാൻ സഹായിച്ചുവെന്നതിൽ സംശയമില്ല. വിജയത്തോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏറെക്കുറെ ഉറപ്പിക്കാനും അവർക്കായിട്ടുണ്ട്. ഇനിയുള്ള മൂന്നു മത്സരങ്ങളിൽ നിന്നും നാലു പോയിന്റ് മാത്രമേ അത്ലറ്റികോക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആവശ്യമുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit