സാവിയുടെ കീഴിൽ ബാഴ്‌സലോണയുണ്ടാക്കുന്ന മുന്നേറ്റത്തെ പ്രശംസിച്ച് ആൻസലോട്ടി

Ancelotti Impressed By Xavi's Work At Barcelona
Ancelotti Impressed By Xavi's Work At Barcelona / Anadolu Agency/GettyImages
facebooktwitterreddit

സാവി പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ബാഴ്‌സലോണ സൃഷ്‌ടിക്കുന്ന മുന്നേറ്റത്തെ പ്രശംസിച്ച് റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി. ക്ലബിന്റെ ഇതിഹാസമായ സാവി ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം അവർ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ ആൻസലോട്ടി പക്ഷെ ബാഴ്‌സയെ പോലെ ഒരേ ശൈലി പിന്തുടരുന്നതിൽ തനിക്ക് താൽപര്യമില്ലെന്നും വ്യക്തമാക്കി.

"ബാഴ്‌സലോണയുടെ ഐഡന്റിറ്റി ഒരിക്കലും മാറില്ല. ക്ലബിനൊരു കൃത്യമായ ശൈലിയുണ്ട്. സാവി ആ ശൈലിക്ക് അനുയോജ്യനായ ഒരാളാണ്, ടീം അദ്ദേഹത്തിനു കീഴിൽ വളരെ മെച്ചപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. അവരൊരു പൂർണതയുള്ള ടീമാണ്, മികച്ച പ്രകടനവും നടത്തുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ താരം നല്ലൊരു ജോലിയാണു ചെയ്യുന്നത്." ആൻസലോട്ടി പറഞ്ഞു.

സാവിയുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചെങ്കിലും ബാഴ്‌സയെ പോലെ ഒരേ ശൈലി പിന്തുടരുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. "എന്റെ അഭിപ്രായത്തിൽ ഫുട്ബോൾ ഒരു ശൈലിയിൽ മാത്രം ഒതുങ്ങുന്നതല്ല. എന്റെ ടീമുകൾക്ക് വിവിധ ഐഡന്റിറ്റികൾ ഉണ്ടായിരിക്കണം. താരങ്ങൾക്കു സ്വസ്ഥമായി കളിക്കാൻ കഴിയുന്ന ശൈലികൾ ഞാൻ എല്ലായിപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ട്."

ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിച്ചതോടെ വളരെ മെച്ചപ്പെട്ട ബാഴ്‌സലോണ കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിൽ തോൽവി അറിയാതെ എൽ ക്ലാസിക്കോക്ക് ഇറങ്ങുമ്പോൾ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് റയൽ മാഡ്രിഡ് പോരാട്ടത്തിനായി തയ്യാറെടുക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ ലാ ലിഗ ഏറെക്കുറെ ഉറപ്പിക്കാൻ റയൽ മാഡ്രിഡിനു കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.