അന്റോണിയോ റുഡിഗർക്ക് പുതിയ പൊസിഷൻ നൽകാൻ കാർലോ ആൻസലോട്ടി


ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ജർമൻ പ്രതിരോധതാരം അന്റോണിയോ റുഡിഗർക്ക് പുതിയ പൊസിഷൻ നൽകാൻ പരിശീലകൻ കാർലോ ആൻസലോട്ടി ഒരുങ്ങുന്നു. ചെൽസിയിൽ സെന്റർ ബാക്കായി മികച്ച പ്രകടനം നടത്തിയ താരത്തിന് അതെ പൊസിഷൻ റയൽ മാഡ്രിഡിൽ ലഭിക്കാൻ സാധ്യതയില്ലെന്ന് ആൻസലോട്ടിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.
ബാഴ്സലോണക്കെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ സെന്റർ ബാക്കിനു പകരം ലെഫ്റ്റ് ബാക്കായാണ് അന്റോണിയോ റുഡിഗർ കളിച്ചത്. മുൻ റോമ താരത്തിന് ഒട്ടും പരിചിതമല്ലാത്ത പൊസിഷനാണ് ഏതെങ്കിലും പരിശീലകൻ കാർലോ ആൻസലോട്ടി റുഡിഗറുടെ പ്രകടനത്തിൽ തൃപ്തനാണ്. കഴിഞ്ഞ സീസണിൽ കളിച്ച സെന്റർ ബാക്ക് കൂട്ടുകെട്ടായ അലബ, മിലിറ്റാവോ എന്നിവരെ മാറ്റാൻ ആൻസലോട്ടിക്ക് താൽപര്യവുമില്ല.
"എനിക്ക് റുഡിഗറെ വളരെ ഇഷ്ടമാണ്. എനിക്ക് ഭ്രാന്തില്ല, താരത്തിന് വളരെ വിവേകവുമുണ്ട്. റുഡിഗർക്ക് ഏതു പൊസിഷനിലും കളിക്കാൻ കഴിയും. അലബയുമായി മത്സരം നടക്കുന്നതിനിടെ പൊസിഷൻ മാറാനും താരത്തിന് കഴിയും. ഇന്നതിന്റെ ആവശ്യമുണ്ടായില്ല. കാരണം എല്ലാം നന്നായി നടന്നു."
ആവശ്യമുണ്ടെങ്കിൽ മാത്രം അലബയെ ഞങ്ങൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിപ്പിക്കും. കഴിഞ്ഞ സീസണിലുണ്ടായിരുന്ന സഖ്യത്തെ മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല." ബാഴ്സയുമായുള്ള മത്സരത്തിനു ശേഷം ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ റുഡിഗറെ സെന്റർ ബാക്ക് സ്ഥാനത്തു നിന്നും മാറ്റുന്നതിൽ എതിർപ്പുകൾ വരാനുള്ള സാധ്യതയുണ്ട്. പ്രതിരോധത്തിൽ എല്ലാം തികഞ്ഞ പോരാളിയായ താരം ചെൽസിക്കു വേണ്ടി കഴിഞ്ഞ സീസണുകളിൽ അത്രയും മികച്ച പ്രകടനമാണ് നടത്തിയത്.