കോപ്പ ഡെൽ റേയിലെ നിർണായക പോരാട്ടത്തിൽ കരിം ബെൻസിമ കളിച്ചേക്കില്ലെന്ന സൂചന നൽകി കാർലോ ആൻസലോട്ടി

Real Madrid v Shakhtar Donetsk - UEFA Champions League
Real Madrid v Shakhtar Donetsk - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

കോപ്പ ഡെൽ റേയിൽ അത്ലറ്റികോ ബിൽബാവോക്കെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ കരിം ബെൻസിമ കളിക്കില്ലെന്ന സൂചനകൾ നൽകി ടീമിന്റെ പരിശീലകനായ കാർലോ ആൻസലോട്ടി. പരിക്കേറ്റു പുറത്തായിരുന്ന താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു സാഹസത്തിനും താൻ മുതിരില്ലെന്ന് ആൻസലോട്ടി വ്യക്തമാക്കി.

"ബെൻസിമയെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് ഒന്നുമറിയില്ല. താരം വ്യക്തിഗത ജോലികൾ ചെയ്യുന്നുണ്ട്. താരം സുഖമായിരിക്കുന്നു, പരിശീലനം നടത്തിയതിനു ശേഷം ഞാനത് തീരുമാനിക്കും. ഞാനൊരു സാഹസത്തിനും മുതിരില്ല. മെഡിക്കൽ ടീമിൽ നിന്നുമുള്ള ക്ലിയർ സർട്ടിഫിക്കറ്റ് കിട്ടിയാൽ ബെൻസിമ കളിക്കും, അല്ലെങ്കിൽ മറ്റാരെങ്കിലും കളിക്കും."

"ചാമ്പ്യൻസ് ലീഗിൽ ഇതു ബാധകമാകില്ല. ഞാൻ പറഞ്ഞ പോലെ, ഇതു ചാമ്പ്യൻസ് ലീഗ് ഫൈനൽ അല്ലാത്തതു കൊണ്ട് ഞങ്ങൾ സാഹസത്തിനു മുതിരുന്നില്ല. ബെൻസിമക്കറിയാം പൂർണമായും സുഖം തോന്നുന്നില്ലെങ്കിൽ കളിപ്പിക്കില്ലെന്ന് താരത്തിനറിയാം. എന്നാൽ ഞങ്ങൾ പിഎസ്‌ജിക്കെതിരെ നടക്കുന്ന മത്സരത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രസീലിനു വേണ്ടി കഴിഞ്ഞ ദിവസം മത്സരത്തിനിറങ്ങിയ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ മത്സരത്തിൽ ഇറങ്ങുമോ എന്നതിനെക്കുറിച്ചും ആൻസലോട്ടി മറുപടി പറഞ്ഞു. "അതു നോക്കണം. ഈ താരങ്ങൾ യാത്ര കൊണ്ടു തളർന്നെങ്കിൽ, മത്സരത്തിൽ തുടക്കം മുതലേ ഉണ്ടായില്ലെങ്കിൽ പോലും മത്സരത്തിനിടെ അവരെ ആവശ്യമായി വന്നേക്കും."

"വിനീഷ്യസും റോഡ്രിഗോയും ബുധനാഴ്‌ച തിരിച്ചെത്തുമെന്നതു ശരി തന്നെയാണ്. അവർ ഇരുപതു വയസുള്ള താരങ്ങളാണ്, എന്നെ പോലെ അറുപതു കഴിഞ്ഞവരല്ല. പക്ഷെ ബേൽ, ഹസാർഡ് എന്നിവർ കളിക്കാൻ തയ്യാറാണ്." ആൻസലോട്ടി വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷത്തിനിടെ തന്നെ രണ്ടു തവണ മാത്രമാണ് അത്‌ലറ്റിക് ക്ലബ് റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരിക്കുന്നത്. എന്നാൽ അത്ലറ്റികോ ബിൽബാവോയുടെ മൈതാനത്തു വെച്ചു നടക്കുന്ന മത്സരം വളരെ കടുപ്പമേറിയതാകുമെന്ന മുന്നറിയിപ്പ് ആൻസലോട്ടി നൽകി. മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.