Football in Malayalam

'മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ടീം' - എഫ്എ കപ്പ് തോൽ‌വിയിൽ നിരാശയില്ലാതെ ആൻസലോട്ടി

Sreejith N
Everton v Manchester City - Premier League
Everton v Manchester City - Premier League / Pool/Getty Images
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്നും അവർക്കെതിരായ എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിലെ തോൽ‌വിയിൽ തനിക്ക് നിരാശയില്ലെന്നും വ്യക്തമാക്കി എവർട്ടൺ പരിശീലകൻ കാർലോ ആൻസലോട്ടി. എൺപതു മിനുട്ടോളം തങ്ങളുടെ ആക്രമണനിരയെ തടുത്തു നിറുത്തിയ എവർട്ടണെ, അതിന് ശേഷം ഗുൻഡോഗൻ, കെവിൻ ഡി ബ്രൂയ്ൻ എന്നിവർ നേടിയ ഗോളുകളിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് കുതിച്ചത്.

"ഞങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നു. ഞങ്ങളെക്കൊണ്ട് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുകയും എൺപതു മിനുട്ടോളം മികച്ച രീതിയിൽ പ്രതിരോധിക്കുകയും മത്സരം നിയന്ത്രണത്തിലാക്കുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനോടാണ് തോറ്റതെന്നതിൽ എനിക്ക് തൃപ്തിയുണ്ട്. അവരായിരുന്നു മത്സരത്തിൽ മികച്ചു നിന്നത്," ബിടി സ്പോർട്ടിനോട് ആൻസലോട്ടി മത്സരത്തിന് ശേഷം പറഞ്ഞു.

"അവരെ അസ്വസ്ഥരാക്കാനാണ് ഞങ്ങൾ തീരുമാനിച്ചതെങ്കിലും അതിൽ പൂർണമായി വിജയിക്കാനായില്ല. പന്തിൽ അവർക്ക് ആധിപത്യം ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ നല്ല രീതിയിൽ പ്രതിരോധിക്കുകയും കൂടുതൽ ഇടം അനുവദിക്കാതെ കളിക്കുകയും ചെയ്‌തു. ഞങ്ങൾ പദ്ധതിയിട്ട പ്രകാരമുള്ള കളി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നു. ഏറ്റവും മികച്ച താരങ്ങൾ ബെഞ്ചിലുള്ള ടീമാണവർ. ഞങ്ങൾക്കിതൊരു എക്സ്പീരിയൻസാണെന്നതു കൊണ്ട് യാതൊരു നിരാശയുമില്ല."

ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഒരു കിരീടത്തിനുള്ള സാധ്യത കൂടി സിറ്റി വർധിപ്പിച്ചു. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് നേരിടേണ്ടത്. ഇതിനു പുറമെ ഏപ്രിലിൽ ടോട്ടനം ഹോസ്പറിനെതിരെ കറബാവോ കപ്പ് ഫൈനൽ പോരാട്ടവും സിറ്റിക്ക് ബാക്കിയുണ്ട്.

facebooktwitterreddit