റയൽ മാഡ്രിഡിന് യാതൊരു പോരായ്മകളുമില്ല, വിജയത്തിൽ തൃപ്തനായി ആൻസലോട്ടി


റയോ വയ്യക്കാനൊക്കെതിരായ ലാ ലിഗ മത്സരത്തിൽ ഒരു ഗോൾ നേടാൻ എൺപത്തിമൂന്നാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിൽ ആധികാരിക പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ലീഗിലെ പന്ത്രണ്ടാം സ്ഥാനക്കാർക്കെതിരെ കരിം ബെൻസിമ നേടിയ ഒരേയൊരു ഗോളിലാണ് റയൽ മാഡ്രിഡ് വിജയം നേടിയത്.
"ടീം ചെയ്ത ജോലിയിലും അവരുടെ പ്രതിബദ്ധതയിലും തീവ്രതയിലും ഞാൻ തൃപ്തനാണ്. ഞങ്ങൾ പല തരത്തിൽ മത്സരിക്കണമെന്നു കണ്ട കളിയായിരുന്നു ഇത്. ഞാൻ വളരെ സന്തുഷ്ടനാണ്. അന്തരീക്ഷവും മൈതാനത്തിന്റെ സ്വഭാവവും കാരണം കളിക്കാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണിതെങ്കിലും ഞങ്ങൾ വളരെ നന്നായി ചെയ്തു." ആൻസലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
?️ @MrAncelotti: "I'm very happy. I saw a team with more energy, who put more pressure up front. This will do us good for next week, when we have time to prepare well and improve our intensity. We're on the right track."#RayoRealMadrid pic.twitter.com/VfbV3imlng
— Real Madrid C.F. ???? (@realmadriden) February 26, 2022
"ഇവിടെ ഒരുപാട് ടീമുകൾ വിജയിച്ചതായി ഞാൻ കരുതുന്നില്ല. പ്രത്യേകിച്ച് വളരെ സുഖകരമായ രീതിയിൽ. എനിക്ക് തെറ്റു പറ്റിയേക്കാം. പക്ഷെ ഇന്നു പോരായ്മകളൊന്നും കാണുന്നില്ല, ഞാൻ സന്തോഷവാനുമാണ്. ചിലപ്പോൾ നമ്മൾ പരാജയപ്പെട്ടേക്കാം. പക്ഷെ പ്രധാനപ്പെട്ട കാര്യം ശ്രമിക്കുകയെന്നതാണ്, അത് ഞങ്ങൾ സാധ്യമായ രീതിയിലെല്ലാം ചെയ്തിട്ടുണ്ട്."
"ഈ മത്സരം ഒരു ഫൈനൽ പോലെയായിരുന്നു എന്നു പറയാം, കാരണം റയൽ മാഡ്രിഡ് ഫൈനലുകൾ സാധാരണ വിജയിക്കും. ടീമിന് വളരെയധികം ഊർജ്ജം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പരിശീലനത്തിനായി ഒരാഴ്ച സമയം കിട്ടിയതും സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ നല്ല രീതിയിലാണ്, ഞാൻ സന്തോഷവാനാണ്." ആൻസലോട്ടി വ്യക്തമാക്കി.
മത്സരത്തിൽ പതറിയതിനാൽ പിൻവലിക്കപ്പെട്ട മധ്യനിര താരം കസമീറോക്ക് പരിക്കിന്റെ പ്രശ്നങ്ങളില്ലെന്ന് ആൻസലോട്ടി വ്യക്തമാക്കി. മൈതാനത്തിന്റെ പ്രശ്നം മധ്യനിരതാരങ്ങളെ വളരെയധികം ബാധിക്കുമെന്നും കാർഡുകൾ ലഭിക്കേണ്ട എന്നു കരുതിയാണ് താരത്തെ പിൻവലിച്ചതെന്നും ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.