റയൽ മാഡ്രിഡ് പൊരുതി നേടിയ വിജയത്തിൽ നിർണായകമായതെന്ത്? ആൻസലോട്ടി പറയുന്നു


ഒരിക്കൽക്കൂടി അത്ഭുതകരമായൊരു തിരിച്ചു വരവ് റയൽ മാഡ്രിഡിനെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചിരിക്കയാണ്. ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ഒരു ഘട്ടത്തിൽ റയൽ മാഡ്രിഡ് പുറത്താകലിന്റെ വക്കിലായിരുന്നെങ്കിലും ഒരിക്കലും തോൽക്കാൻ മനസ്സില്ലാത്ത മനോഭാവം അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ചെൽസിക്കെതിരെ ഒരു സമയത്ത് പിന്നിലായിട്ടും അതിൽ തളരാതെ പൊരുതി നേടിയ വിജയത്തിനു കാരണമായത് പകരക്കാരായി താനിറക്കിയ താരങ്ങൾ നൽകിയ ഊർജ്ജം ആണെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പറയുന്നത്. മാഴ്സലോ, കമവിങ്ങ, റോഡ്രിഗോ, വാസ്ക്വസ് എന്നിവരെ പകരക്കാരായി ആൻസലോട്ടി പരീക്ഷിച്ചപ്പോൾ അതിൽ റോഡ്രിഗോയാണ് ടീമിന്റെ ആദ്യഗോൾ നേടിയത്.
Real Madrid reach their 10th Champions League semifinal in the last 12 seasons.
— B/R Football (@brfootball) April 12, 2022
Royalty ? pic.twitter.com/4ZX6V7mzHB
"ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയിച്ചതിനു ഊർജ്ജത്തോടാണ് നന്ദി പറയേണ്ടത്. ഞാൻ മാറ്റങ്ങൾ വരുത്തിയത് കൂടുതൽ ഊർജ്ജം നൽകുന്നതിനു വേണ്ടിയാണ്. ടീം വളരെയധികം ബുദ്ധിമുട്ടി, എന്നാൽ എല്ലാ താരങ്ങളും അവരുടെ എല്ലാം നൽകി." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ആൻസലോട്ടി പറഞ്ഞു.
"ഞങ്ങൾ രണ്ടു ഗോളുകൾക്ക് പിന്നിൽ നിൽക്കേണ്ടതായിരുന്നില്ല. എഡർ മിലിറ്റാവോ ഇല്ലാത്തതിനാൽ സെറ്റ് പീസുകളിൽ ഞങ്ങൾ ബുദ്ധിമുട്ടി. രണ്ടു ഗോളിന് പിന്നിലായതിനു ശേഷം ഞങ്ങൾക്ക് മാനസികമായൊരു ഇടിവുണ്ടായെങ്കിലും സ്റ്റേഡിയത്തിന്റെ മാജിക്ക് ഞങ്ങളെ സഹായിച്ചു. ഞങ്ങൾ കൂടുതൽ ബുദ്ധിമുട്ടുമ്പോൾ ഞാൻ വളരെ സന്തോഷവാനാണ്." ആൻസലോട്ടി വ്യക്തമാക്കി.
മത്സരത്തിൽ പകരക്കാരനായിറങ്ങി മികച്ച പ്രകടനം നടത്തിയ കമവിങ്ങയെ ആൻസലോട്ടി പ്രത്യേകം പരാമർശിച്ചു. ദൗർഭാഗ്യം കൊണ്ടു മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ ഇടം നേടാൻ കഴിയാത്തതെന്നും എന്നാൽ പകരക്കാരനായിറങ്ങി വലിയ ഊർജ്ജം താരം നൽകിയെന്നും ആൻസലോട്ടി പറഞ്ഞു. കമവിങ്ങ, റോഡ്രിഗോ, വാൽവെർദെ എന്നിവർ ചേരുമ്പോൾ കായികപരമായി മികച്ചൊരു ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.