La Liga

എൽ ക്ലാസിക്കോ തോൽവിയുടെ ആഘാതത്തിൽ നിന്നും റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിനെ പ്രശംസിച്ച് ആൻസലോട്ടി

Sreejith N
Ancelotti Hails Real Madrid After Win Against Getafe
Ancelotti Hails Real Madrid After Win Against Getafe / Anadolu Agency/GettyImages
facebooktwitterreddit

ബാഴ്‌സലോണക്കെതിരായ എൽ ക്ലാസിക്കോ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നും റയൽ മാഡ്രിഡ് തിരിച്ചു വന്നതിനെ പ്രശംസിച്ച് പരിശീലകൻ കാർലോ ആൻസലോട്ടി. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ഗെറ്റാഫക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റർനാഷണൽ ബ്രേക്കിനു മുൻപാണ് ഈ സീസണിൽ ഒരു ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് പരാജയം വഴങ്ങുന്നത്. ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയത് റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസത്തെ തന്നെ തകർത്തു കളയാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിലും ലോസ് ബ്ലാങ്കോസ് വിജയം നേടിമികച്ച തിരിച്ചു വരവാണ് നടത്തിയത്.

"തുടക്കം മുതൽ തന്നെ ഞങ്ങൾ മത്സരം മികച്ച രീതിയിൽ കൈകാര്യം ചെയ്‌തു. ബാഴ്‌സലോണക്കെതിരായ മത്സരത്തിനു ശേഷവും ഞങ്ങൾക്ക് ഞങ്ങളുടെ മേധാവിത്വം നഷ്‌ടമായിട്ടില്ല. വളരെ മികച്ച രീതിയിൽ തന്നെയാണ് ഞങ്ങൾ സാഹചര്യങ്ങളെ കൈകാര്യം ചെയ്‌തത്‌."

"ഈ മത്സരത്തെക്കുറിച്ച് ഞങ്ങൾക്കു കുറച്ച് ആശങ്കകൾ ഉണ്ടായിരുന്നു, പക്ഷെ പ്രതികരണം വളരെ മികച്ചതായിരുന്നു. വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചവരും തുടക്കം മുതലോ അല്ലെങ്കിൽ ബെഞ്ചിലിരുന്നോ ഞങ്ങളെ സഹായിക്കാൻ ഒരുക്കമായിരുന്നു." മത്സരത്തിനു ശേഷം ആൻസലോട്ടി പറഞ്ഞു.

കസമീറോ, വാസ്‌ക്വസ് എന്നിവരുടെ ഗോളുകളിൽ ഗെറ്റാഫയോടു വിജയം നേടിയ റയൽ മാഡ്രിഡിന് ഇനി മൂന്നു മത്സരങ്ങൾ കൂടി വിജയിച്ചാൽ ലീഗ് കിരീടം ഉറപ്പിക്കാൻ കഴിയും. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ ചെൽസിയെ നേരിടുന്ന ടീം അതിനു ശേഷം ലീഗിൽ സെവിയ്യക്കെതിരെയാണ് ഇറങ്ങേണ്ടത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit