Football in Malayalam

റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് കാർലോ ആൻസലോട്ടിക്ക്

Ali Shibil Roshan
ആൻസലോട്ടിയും, പെരസും
ആൻസലോട്ടിയും, പെരസും / Denis Doyle/Getty Images
facebooktwitterreddit

സിനദിൻ സിദാൻ റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങിയതോടെ ഒഴിവ് വന്ന സ്പാനിഷ് ക്ലബ്ബിന്റെ പരിശീലകസ്ഥാനത്തേക്ക് വരാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് അവരുടെ മുൻ പരിശീലകനും, നിലവിലെ എവർട്ടൻ കോച്ചുമായ കാർലോ ആൻസലോട്ടിക്കാണെന്ന് റിപ്പോർട്ട്.

2020/21 സീസണിന്റെ അവസാനം റയൽ മാഡ്രിഡ് വിട്ട സിദാന്റെ പകരക്കാരനായി ക്ലബ് പരിശീലകസ്ഥാനത്തേക്ക് നിരവധി പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. മാസിമിലിയാനോ അല്ലെഗ്രിയുടെ പേരാണ് തുടക്കത്തിൽ ഉയർന്നു വന്നിരുന്നതെങ്കിലും, ഇറ്റാലിയൻ പരിശീലകൻ യുവന്റസിലേക്ക് ചേക്കേറിയതോടെ അവ അവസാനിച്ചു.

പിഎസ്‌ജി പരിശീലകൻ മൗറിസിയോ പൊച്ചട്ടീനോ, ഇന്റർ മിലാന് ഇത്തവണ സീരി എ കിരീടം നേടിക്കൊടുത്ത അന്റോണിയോ കോണ്ടെ, റയൽ മാഡ്രിഡ് ഇതിഹാസവും, കാസ്റ്റില്ല മാനേജറുമായ റൗൾ ഗോൺസാലസ് എന്നിവരും പരിശീലകസ്ഥാനത്തേക്ക് റയൽ പരിഗണിക്കുന്നവരിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് പ്രകാരം പരിശീലകസ്ഥാനത്തേക്ക് റയൽ മാഡ്രിഡ് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ നിലവിൽ ഏറ്റവും മുൻപന്തിയിലുള്ളത് ആൻസലോട്ടിയാണ്. 2013 മുതൽ 2015 വരെ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന ആൻസലോട്ടിയുമായി സ്പാനിഷ് ക്ലബ് ചർച്ചയിലാണെന്ന് പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എവർട്ടനുമായി കോൺട്രാക്ട് ഉള്ള ആൻസലോട്ടിയുമായി ലാ ലീഗ വമ്പന്മാർ ഇത് വരെ കരാർ ഒപ്പിട്ടിട്ടില്ലെന്നും റൊമാനോ പറയുന്നു.

അതേ സമയം, ആൻസലോട്ടിയെ തങ്ങളുടെ പരിശീലകനായി റയൽ മാഡ്രിഡ് വരുന്ന മണിക്കൂറുകളിൽ പ്രഖ്യാപിച്ചേക്കാമെന്ന് മാർക്ക പറയുന്നു. അതിനാൽ തന്നെ, ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് നമുക്ക് സ്വാഭിവകമായും കരുതാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളംഎന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit