Premier League

റയൽ മാഡ്രിഡിൽ പുറത്തെടുത്ത 'മെസി തന്ത്രം' മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ഉപയോഗിക്കുമെന്ന് കാർലോ ആൻസലോട്ടി

Sreejith N
Manchester City v Everton FC - Premier League
Manchester City v Everton FC - Premier League / Michael Regan/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് പരിശീലകനായിരുന്നപ്പോൾ പ്രധാന എതിരാളികളായിരുന്ന ബാഴ്‌സലോണയെയും മെസിയെയും മറികടക്കുന്നതിന് ടീമംഗങ്ങൾക്ക് പ്രചോദനം നൽകാൻ ഉപയോഗിച്ചിരുന്ന ചില തന്ത്രങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനു മുന്നോടിയായും ഉപയോഗിക്കുന്നതെന്നു വെളിപ്പെടുത്തി എവർട്ടൺ പരിശീലകൻ കാർലോ ആൻസലോട്ടി. ശനിയാഴ്‌ച നടക്കാനിരിക്കുന്ന എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും ഏഴാം സ്ഥാനക്കാരായ എവർട്ടണും തമ്മിൽ ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ മാസം ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എവർട്ടൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പെപ് ഗാർഡിയോളയുടെ ടീമിനോട് തോൽവിയേറ്റു വാങ്ങിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി തോൽപ്പിക്കാൻ പ്രയാസമുള്ള ടീമാണെങ്കിലും ഇത്തവണ പുതിയ തന്ത്രങ്ങൾ അവലംബിച്ച് അവരെ മറികടക്കാൻ കഴിയുമെന്നാണ് ആൻസലോട്ടി പ്രതീക്ഷിക്കുന്നത്.

"റയൽ മാഡ്രിഡിലുണ്ടായിരുന്ന സമയത്ത് നിരവധി തവണ ഞാൻ മെസിക്കെതിരെ ടീമിനെ ഇറക്കിയിട്ടുണ്ട്. എതിരാളികളിൽ ഏറ്റവും മികച്ച താരമായിരുന്നെങ്കിലും മെസിയെക്കുറിച്ച് ഞാനെന്റെ കളിക്കാരോട് ഒന്നും പറയാറില്ല. അങ്ങിനെ ചെയ്‌താൽ അവർക്ക് പരിഭ്രാന്തി വരും. മാഞ്ചസ്റ്റർ സിറ്റിയെക്കുറിച്ചും കൂടുതൽ സംസാരിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. ആ ടീമിന്റെയും കളിക്കാരുടെയും നിലവാരം എല്ലാവർക്കും അറിയുന്നതാണ്." ലിവർപൂൾ എക്കോയോട് സംസാരിക്കുമ്പോൾ ആൻസലോട്ടി വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്‌തമായ ഗെയിം പ്ലാനാണ് ഇത്തവണ നടപ്പിലാക്കുകയെന്നും ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു. പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും വ്യത്യസ്‌തമാണ്‌ ഈ പോരാട്ടമെന്നും ഇത്തവണ തന്റെ തന്ത്രങ്ങൾ ഫലം ചെയ്യുമെന്ന് കരുതുന്നതായും ആൻസലോട്ടി വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റി അജയ്യരെന്ന പോലെയാണ് മുന്നോട്ട് പോകുന്നതെങ്കിലും ഒരു ടീമും എക്കാലവും വിജയിച്ചു കൊണ്ടേയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഈ സീസണിൽ നാല് കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നിരിക്കെ നിർണായകമാണ് എഫ്എ കപ്പ് ക്വാർട്ടർ പോരാട്ടം. മികച്ച ഫോമിൽ കളിക്കുന്ന ഗാർഡിയോളയുടെ ടീം നവംബർ മുതൽ തുടങ്ങിയ അപരാജിത മുന്നേറ്റം മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രമേ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

facebooktwitterreddit