"ബെൻസിമ ഇനിയും പെനാൽറ്റിയെടുക്കും"- രണ്ടു പെനാൽറ്റി നഷ്‌ടപ്പെടുത്തിയ താരത്തിന് പിന്തുണയുമായി ആൻസലോട്ടി

Ancelotti Defended Benzema After Striker Missed Two Penalties
Ancelotti Defended Benzema After Striker Missed Two Penalties / Jonathan Moscrop/GettyImages
facebooktwitterreddit

ഒസാസുനക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ഏഴു മിനുട്ടിനിടയിൽ രണ്ടു പെനാൽറ്റി നഷ്‌ടപ്പെടുത്തിയ കരിം ബെൻസിമക്ക് പിന്തുണയുമായി കാർലോ ആൻസലോട്ടി. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിന്റെ 52, 59 മിനുട്ടുകളിൽ ലഭിച്ച പെനാൽറ്റികളാണ് ബെൻസിമ നഷ്‌ടമാക്കിയത്. രണ്ടും ഒസാസുന ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു.

"ഞങ്ങൾക്ക് മറ്റൊരു പെനാൽറ്റി കൂടി ലഭിച്ചിരുന്നങ്കിൽ അതും താരം തന്നെ എടുക്കുമായിരുന്നു. അടുത്ത പെനാൽറ്റി ലഭിക്കുമ്പോൾ അതും താരം എടുക്കും. പെനാൽറ്റികൾ എടുക്കുന്നവർ അതിൽ ചിലത് നഷ്‌ടപ്പെടുത്തും. ഗോൾ നേടിയില്ലെങ്കിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു."ആൻസലോട്ടി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയതോടെ റയൽ മാഡ്രിഡ് ലാ ലിഗ കിരീടത്തിലേക്ക് ഒന്നു കൂടി എടുത്തിട്ടുണ്ട്. മുപ്പത്തിമൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 78 പോയിന്റ് നേടിയ റയൽ മാഡ്രിഡിനു പിന്നിൽ 33 മത്സരങ്ങളിൽ അറുപതു പോയിന്റുമായി അത്ലറ്റികോ മാഡ്രിഡും 31 മത്സരങ്ങളിൽ നിന്നും അതേ പോയിന്റുമായി ബാഴ്‌സലോണയുമാണ് നിൽക്കുന്നത്. ഇനി രണ്ടു വിജയങ്ങൾ കൂടി നേടിയാൽ റയലിന് കിരീടം ഉറപ്പിക്കാൻ കഴിയും.

"കിരീടപ്പോരാട്ടത്തിൽ ഞങ്ങൾക്ക് കുറച്ചു കൂടി മുന്നോട്ടു പോകാനുണ്ട്. ഞങ്ങൾ ഇനി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനാണ് ശ്രദ്ധ കൊടുക്കുന്നത്. മികച്ച ഫോമിലുള്ള ഒരു കുതിപ്പാണ് ഞങ്ങൾ നടത്തുന്നത്, ടീം ആത്മാർത്ഥമായ പ്രകടനവും നടത്തുന്നുണ്ട്. എല്ലാവരും മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നതിനൊപ്പം സെബയോസിനെ ഞാൻ എടുത്തു പറയുകയാണ്. താരം കൂടുതൽ മിനുട്ടുകൾ അർഹിക്കുന്നുവെന്ന് ഞാൻ പറഞ്ഞത് ശരിയായിരുന്നു."

ചാമ്പ്യൻസ് ലീഗ് മത്സരം വരാനിരിക്കെ ഡേവിഡ് അലബയെ പരിക്കേറ്റു പിൻവലിക്കേണ്ടി വന്നത് റയൽ മാഡ്രിഡ് ആരാധകരിൽ ആശങ്ക സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഓസ്ട്രിയൻ താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ആൻസലോട്ടി അറിയിച്ചു. ഏപ്രിൽ 26നു രാത്രി 12.30നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് റയൽ മാഡ്രിഡ് നേരിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.