കോപ്പ ഡെൽ റേ വിജയത്തിനു പിന്നാലെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ വിമർശിച്ച് കാർലോ ആൻസലോട്ടി


കോപ്പ ഡെൽ റേ പ്രീ ക്വാർട്ടർ മത്സരത്തിൽ എൽഷെക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം നേടിയതിനു പിന്നാലെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ മത്സരക്രമങ്ങളെ വിമർശിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. അടുപ്പിച്ചുള്ള ഈ മത്സരക്രമങ്ങൾ അസംബന്ധം ആണെന്നും തങ്ങൾ ചെയ്യുന്നത് എന്താണെന്ന് അധികാരികൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ മാഴ്സലോ ചുവപ്പുകാർഡ് നേടി പുറത്തുപോയതോടെ റയൽ പത്തു പേരായി ചുരുങ്ങിയതിനു ശേഷം വെർദു നേടിയ ഗോളിൽ എൽഷെ മുന്നിൽ എത്തിയെങ്കിലും കളി തീരാൻ പന്ത്രണ്ടു മിനുട്ട് ശേഷിക്കെ ഇസ്കോ, ഹസാർഡ് എന്നിവർ നേടിയ ഗോളുകളിലാണ് റയൽ മാഡ്രിഡ് വിജയം കണ്ടെത്തിയത്.
? @MrAncelotti ?
— Real Madrid C.F. ???? (@realmadriden) January 20, 2022
? Tonight's win was the boss's 1️⃣5️⃣0️⃣th match with @realmadrid!#RealFootball pic.twitter.com/v2oFBGqeG6
"എനിക്കെന്താണ് പറയാൻ കഴിയുക? ഈ മത്സരക്രമം അസംബന്ധം തന്നെയാണ്. ഇതിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. അധികാരികൾ അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കണം." മാധ്യമങ്ങളോട് മത്സരശേഷം സംസാരിക്കേ ആൻസലോട്ടി പറഞ്ഞു. മത്സരം വിജയിപ്പിച്ച ഇസ്കോയെയും ഹസാർഡിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
"ഇസ്കോയും ഹസാർഡുമാണ് മത്സരം വിജയിപ്പിച്ചത്. ഈ മത്സരം അവരുടെ കാര്യങ്ങളിലും മാറ്റമുണ്ടാക്കും. അവർ കൂടുതൽ കളിക്കേണ്ട താരങ്ങളാണ്. പക്ഷെ കഴിഞ്ഞു പോയത് കഴിഞ്ഞു പോയതു തന്നെയാണ്. അവരെ ഉപയോഗിക്കാൻ കഴിയുമെന്ന് എനിക്കറിയാം. മത്സരം വളരെ നീണ്ടു പോവുകയാണെങ്കിൽ എന്തും ചെയ്യാൻ തയ്യാറാകണമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു."
"എന്തായാലും മത്സരം എനിക്ക് മറ്റാരേക്കാളും വളരെയധികം സന്തോഷം നൽകി. ഈ മികച്ച പ്രൊഫെഷണൽ സ്ക്വാഡിനെ എനിക്ക് ലഭിച്ചതിൽ. അവരുടെ സ്വഭാവവും അവർ മുഴുനീളെ പ്രകടമാക്കി." ആൻസലോട്ടി മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു. ചുവപ്പുകാർഡ് നേടി പുറത്തുപോയെങ്കിലും ബ്രസീലിയൻ താരം മാഴ്സലോ മത്സരത്തിലുടനീളം നടത്തിയ പ്രകടനത്തെയും ആൻസലോട്ടി പ്രശംസിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.