ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ് വിടില്ല, ബെൽജിയൻ താരം അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്നു സ്ഥിരീകരിച്ച് ആൻസലോട്ടി


ബെൽജിയൻ മുന്നേറ്റനിര താരമായ ഈഡൻ ഹസാർഡ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് പരിശീലകൻ കാർലോ ആൻസലോട്ടി. അടുത്ത സീസണിലും ഹസാർഡ് ക്ലബിനൊപ്പം തുടരുമെന്നും നിരന്തരമായ പരിക്കുകൾ മൂലം കരിയറിൽ തിരിച്ചടി നേരിട്ട താരം തിരിച്ചു വരാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും ആൻസലോട്ടി വ്യക്തമാക്കി.
2019ലാണ് ചെൽസിയിൽ നിന്നും വലിയ പ്രതീക്ഷകളോടെ ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. എന്നാൽ മൂന്നു സീസണുകൾ കഴിഞ്ഞിട്ടും ഇതുവരെയും തന്റെ മികച്ച പ്രകടനം റയൽ മാഡ്രിഡിനൊപ്പം നടത്താൻ കഴിയാത്ത താരത്തിന് നിരന്തരം പരിക്കുകളേറ്റത് കൂടുതൽ തിരിച്ചടിയായി. എംബാപ്പെ അടക്കമുള്ള താരങ്ങൾ റയൽ മാഡ്രിഡിൽ എത്തുമെന്നിരിക്കെ വേതനബിൽ കുറക്കാൻ ഹസാർഡിനെ റയൽ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ ഇതിനിടയിൽ ഉയർന്നെങ്കിലും അതിനെ ആൻസലോട്ടി തള്ളിക്കളഞ്ഞു.
Carlo Ancelotti announces: “Eden Hazard will stay here at Real Madrid next season”. ⚪️?? #RealMadrid @SQuirante
— Fabrizio Romano (@FabrizioRomano) May 14, 2022
“Hazard’s plan is very clear, he wants to show his quality next season”. pic.twitter.com/X1YDKbZAGo
"ഞങ്ങൾ അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷെ ഹസാർഡിന്റെ പദ്ധതികൾ വളരെ വ്യക്തമാണ്. താരം ക്ലബിനൊപ്പം തുടരും, വളരെയധികം പ്രചോദിതനായാണ് ഹസാർഡ് അതു ചെയ്യുന്നത്. കാരണം ഇതുവരെയും ക്ലബിനൊപ്പം ഒരു മികച്ച സമയം താരത്തിന് ഉണ്ടായിട്ടില്ല, അതിനാൽ തന്റെ നിലവാരം എന്താണെന്നു കാണിക്കാൻ ഹസാർഡ് ആഗ്രഹിക്കുന്നു." പത്രസമ്മേളനത്തിൽ ആൻസലോട്ടി പറഞ്ഞു.
ബ്രസീലിയൻ ഫുൾബാക്കായ മാഴ്സലോയുടെ ഭാവിയെക്കുറിച്ചും ആൻസലോട്ടി സംസാരിച്ചു. "താരം എന്താണ് അടുത്ത സീസണിൽ ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നതിനെപ്പറ്റി ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. ഞങ്ങൾക്കൊരു ഫൈനൽ ബാക്കിയുണ്ട്, വളരെ പ്രധാനപ്പെട്ട വെല്ലുവിളികൾ മുന്നിലുണ്ട്. അതിനു ശേഷം ഞങ്ങൾ എല്ലാറ്റിനെ കുറിച്ചും ചർച്ച ചെയ്യും, മാഴ്സലോയുടെ സാഹചര്യം ഉൾപ്പെടെ." ആൻസലോട്ടി വ്യക്തമാക്കി.
റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരനെന്ന റെക്കോർഡ് ഇത്തവണത്തെ ലാ ലിഗ കിരീടം നേടിയതിലൂടെ സ്വന്തമാക്കിയ മാഴ്സലോയുടെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നതിനാൽ താരം തുടരാനുള്ള സാധ്യത കുറവാണ്. എന്നാൽ ഹസാർഡ് അടുത്ത സീസണിലും ക്ലബിൽ തന്നെ തുടരാനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.