ബെൻസിമയില്ലാതെയും എൽ ക്ലാസികോ വിജയിക്കാനാകും, താരത്തിന്റെ പകരക്കാരനാരെന്നു വെളിപ്പെടുത്താതെ ആൻസലോട്ടി


റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ കരിം ബെൻസിമയുടെ അസാന്നിധ്യത്തിലും റയൽ മാഡ്രിഡിന് എൽ ക്ലാസികോ വിജയിക്കാൻ കഴിയുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. അതേസമയം ഫ്രഞ്ച് താരത്തിന് പകരക്കാരനായി ബാഴ്സയുമായി നടക്കുന്ന മത്സരത്തിൽ ആരിറങ്ങുമെന്ന കാര്യം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
പരിക്കു പറ്റിയതിനെ തുടർന്നാണ് കരിം ബെൻസിമക്ക് എൽ ക്ലാസിക്കോ പോരാട്ടം നഷ്ടമായത്. ഫ്രാൻസ് ദേശീയ ടീമിൽ നിന്നും ഇതേത്തുടർന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റങ്ങളിൽ നിർണായക സാന്നിധ്യമായ ബെൻസിമയുടെ അഭാവത്തിൽ റയൽ മാഡ്രിഡിനു വിജയിക്കാൻ കഴിയുമോ എന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Ancelotti 'not worried' about Benzema absence https://t.co/0PSPYEmkBw
— SPORT English (@Sport_EN) March 19, 2022
"ഞങ്ങൾക്കതിനു കഴിയുമെന്ന് എനിക്കു തോന്നുന്നു. താരം ഈ ടീമിന്റെ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ്, എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് മറ്റു പരിഹാരങ്ങൾ തേടേണ്ടതുണ്ട്. മുപ്പത്തിനാല് വയസായ ഒരു താരത്തിന് ഇതൊക്കെ സംഭവിക്കാം. ഇതു പെട്ടന്നു തന്നെ സുഖം പ്രാപിക്കാൻ കഴിയുന്ന ചെറിയ ബുദ്ധിമുട്ടുകളാണ്."
"താരം തിരിച്ചു വന്നാൽ അതു വ്യത്യാസം സൃഷ്ടിക്കും. ഇനിയും രണ്ടാഴ്ച ഞങ്ങൾക്ക് താരത്തിനൊപ്പം പ്രവർത്തിക്കാനുണ്ട്. മത്സരത്തിൽ കളിക്കാൻ കഴിയില്ലെന്നതിൽ താരത്തിന് യാതൊരു ആശങ്കയുമില്ല. കാരണം സീസണിലെ ബാക്കി കളിക്കാനും വ്യത്യാസം സൃഷ്ടിക്കാനും ബെൻസീമക്കാവും." ആൻസലോട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ സീസണിൽ മുപ്പത്തിനാല് മത്സരങ്ങളിൽ റയൽ മാഡ്രിഡിനു വേണ്ടി കളിച്ചിട്ടുള്ള ബെൻസിമ 32 ഗോളുകളും 13 അസിസ്റ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ബെൻസിമയുടെ അഭാവം റയലിനു തിരിച്ചടിയാണെങ്കിലും മത്സരത്തിലെ തോൽവി പോലും ടീമിന്റെ കിരീടത്തിലേക്കുള്ള കുതിപ്പിനെ ബാധിക്കില്ലെന്നത് അവർക്ക് ആത്മവിശ്വാസമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.