Real Madrid News

റയല്‍ മാഡ്രിഡ് കരീം ബെന്‍സേമയെ ആശ്രയിക്കുന്നുവെന്ന് കാര്‍ലോസ് ആന്‍സലോട്ടി

Haroon Rasheed
Ancelotti was all praise for Benzema
Ancelotti was all praise for Benzema / Craig Mercer/MB Media/GettyImages
facebooktwitterreddit

34കാരനായ ഫ്രഞ്ച് താരം കരീം ബെന്‍സേമയെ റയല്‍ മാഡ്രിഡ് വലിയ രീതിയില്‍ ആശ്രയിക്കുന്നുണ്ടെന്ന് സമ്മതിച്ച് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. റയല്‍ മാഡ്രിഡിന് വേണ്ടി അത്യുഗ്രന്‍ പ്രകടനമാണ് ബെന്‍സേമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചെല്‍സിക്കെതിരെയുള്ള ചാംപ്യന്‍സ് ലീഗിലെ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ആന്‍സലോട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

"ഞങ്ങള്‍ ബെന്‍സെമയെ ആശ്രയിച്ചിരിക്കുന്നു, അത് അങ്ങനെയാണ്, ഞങ്ങള്‍ അത് നിഷേധിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ കരീമിനെ ആശ്രയിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അതൊരു യാഥാര്‍ത്ഥ്യമാണ്, അതൊരു നല്ല കാര്യമാണ്. കരീം ഒരു ആധുനിക ഫോര്‍വേഡാണ്, സ്‌ട്രൈക്കര്‍മാര്‍ക്ക് ആവശ്യമുള്ളത് [ചെയ്യുന്നു]. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാം. ഇന്നത്തെ ഫുട്‌ബോളില്‍ ഒരു സെന്റര്‍ ഫോര്‍വേഡ് എന്തായിരിക്കണം എന്നതിന്റെ മികച്ച പ്രതിനിധാനമാണ് അദ്ദേഹം'' ആന്‍സലോട്ടി പറഞ്ഞതായി ഫുട്‌ബോള്‍ എസ്പാന റിപ്പോര്‍ട്ട് ചെയ്തു.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബെന്‍സേമയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു റയല്‍ മാഡ്രിഡ് ചെല്‍സിയെ 3-1ന് പരാജയപ്പെടുത്തിയത്.

സീസണില്‍ ഇതുവരെ റയല്‍ മാഡ്രിഡിന് വേണ്ടി 37 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളാണ് ബെന്‍സേമ സ്വന്തമാക്കിയിരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ നിന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയതിന് ശേഷം ആരെന്നതിനുള്ള ഉത്തരമായിരുന്നു ബെന്‍സേമ. റയലിന്റെ മുന്നേറ്റനിരയില്‍ ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയറിനൊപ്പം ഏറ്റവും മികച്ച പ്രകടനമാണ് ഫ്രഞ്ച് താരം ബെന്‍സേമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.


facebooktwitterreddit