ആൻസലോട്ടിക്കു കീഴിൽ മികച്ച കുതിപ്പുമായി റയൽ മാഡ്രിഡ്, കണക്കുകൾ പ്രതീക്ഷ നൽകുന്നത്


വിയ്യാറയലിനെതിരെ നടന്ന കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നുവെങ്കിലും ഈ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. സിദാൻ ടീം വിട്ടതിനു പകരക്കാരനായി എത്തിയ കാർലോ ആൻസലോട്ടിക്ക് കീഴിൽ ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ശൈലിയുമായി കളിക്കുന്ന റയൽ മാഡ്രിഡ് ഈ സീസണിലിതു വരെയും തോൽവി വഴങ്ങിയിട്ടില്ല.
പുതിയ സീസൺ ആരംഭിച്ചതിനു ശേഷം സ്പാനിഷ് ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡ് അതിൽ അഞ്ചു വിജയവും രണ്ടു സമനിലയുമാണ് സ്വന്തമാക്കിയത്. 2013/14 സീസണിൽ റയൽ മാഡ്രിഡിനൊപ്പമുള്ള ആദ്യ ഏഴു മത്സരങ്ങളിൽ അഞ്ചു വിജയവും ഒരു സമനിലയും ഒരു തോൽവിയുമെന്ന തന്റെ റെക്കോർഡ് ഒന്നുകൂടി മികച്ചതാക്കാൻ ഈ സീസണിൽ ആൻസലോട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
It's Real Madrid's best start since 2011/12 ?https://t.co/tXoNO7au9G
— MARCA in English (@MARCAinENGLISH) September 26, 2021
2013/14 സീസണിൽ അത്ലറ്റികോ മാഡ്രിഡാണ് ആൻസലോട്ടിക്ക് കീഴിലുള്ള റയലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചത്. അതിനു ശേഷമുള്ള സീസണിലെ ആദ്യ ഏഴു മത്സരങ്ങളിൽ അഞ്ചു വിജയവും രണ്ടു തോൽവിയും അൻസെലോട്ടിയുടെ ടീമിനു നേരിടേണ്ടി വന്നു.
അതേസമയം ഈ സീസൺ പതിനൊന്നു വർഷത്തിനിടയിൽ റയലിന് ഏറ്റവും മികച്ച തുടക്കമാണ് നൽകിയത്. ഇതിനു മുൻപ് മൗറീന്യോയുടെ കീഴിൽ 2011/12 സീസണിലാണ് ആദ്യ ഏഴു മത്സരങ്ങളിൽ നിന്നും പതിനേഴു പോയിന്റുകൾ റയൽ നേടുന്നത്.
റയൽ മാഡ്രിഡ് ഈ സീസണിൽ അപരാജിതരായി മുന്നോട്ടു പോകുമ്പോൾ ലീഗിൽ സെവിയ്യ, ബാഴ്സലോണ, വിയ്യാറയൽ എന്നീ ടീമുകൾ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ സീസണിലെ അവസാനത്തെ പതിനെട്ടു ലീഗ് മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയ റയൽ മാഡ്രിഡ് നിലവിൽ ഇരുപത്തിയഞ്ചു ലാ ലിഗ മത്സരങ്ങളിൽ അപരാജിതരാണ്.
സീസണിൽ നേടിയ ഗോളുകളുടെ എണ്ണത്തിലും ലാ ലിഗയിൽ റയൽ മാഡ്രിഡ് ബഹുദൂരം മുന്നിലാണ്. ഏഴു മത്സരങ്ങളിൽ നിന്നും റയൽ മാഡ്രിഡ് ഇരുപത്തിയൊന്നു ഗോളുകൾ നേടിയപ്പോൾ ഗോൾവേട്ടയുടെ കണക്കിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന റയോ വയാകാനോ അത്രയും മത്സരങ്ങളിൽ നിന്നും പതിമൂന്നു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.