ഖത്തർ ലോകകപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി തൊഴിലാളികൾക്ക് ഫിഫ 440 മില്യൺ നഷ്ടപരിഹാരം നൽകണമെന്ന് ആംനെസ്റ്റി


2022 അവസാനം ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ജോലി ചെയ്ത പ്രവാസി തൊഴിലാളികൾക്ക് ഫിഫ 440 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവുമായി മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. തൊഴിലാളികൾക്കു നേരെ നടന്ന മനുഷ്യാവകാശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകഫുട്ബോൾ മാമാങ്കം ഖത്തറിൽ വെച്ചു നടത്താനുള്ള തീരുമാനം വന്നപ്പോൾ തന്നെ അതിനെ എതിർത്ത് പലരും രംഗത്തു വന്നിരുന്നു. പുതിയ സ്റ്റേഡിയങ്ങൾ, റോഡുകൾ, ഹോട്ടലുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ആരാധകർക്കുള്ള താമസസൗകര്യങ്ങൾ എന്നിവ ഇത്രയും വേഗത്തിൽ എങ്ങിനെയാണ് ഖത്തർ ഉണ്ടാക്കുകയെന്നതും അതിനായി പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയും പലരും ചൂണ്ടിക്കാട്ടി.
Fifa should compensate Qatar migrant workers £355 million for abuses, says Amnestyhttps://t.co/Io6uFUujze
— Martyn Ziegler (@martynziegler) May 19, 2022
ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഖത്തർ നടത്തിയ കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ പ്രൊജക്റ്റുകൾക്കു വേണ്ടി ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളെ കൊണ്ടു വന്നുവെന്നും ഇവരെ ചൂഷണത്തിനും പീഡനത്തിനും ഇരയാക്കുകയും ചെയ്തുവെന്ന് ആംനെസ്റ്റി ആരോപിക്കുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ മേൽ പൂർണമായ നിയന്ത്രണം ഉണ്ടായിരുന്നുവെന്നും ജോലിയിൽ നിന്നും മാറാൻ ശ്രമിച്ച തൊഴിലാളികളെ അറസ്റ്റു ചെയ്യുമെന്നും വിസ കാൻസൽ ചെയ്യുമെന്നും പറഞ്ഞ് തുടരാൻ നിർബന്ധിച്ചതായും ആംനെസ്റ്റി ചൂണ്ടിക്കാട്ടുന്നു.
കടുത്ത മനുഷ്യാവകാശലംഘനം ഖത്തറിൽ നടന്നു എന്നതിൽ ഫിഫയ്ക്കും ഉത്തരവാദിത്വം ഉള്ളതു കൊണ്ടാണ് ഈ തുക അവർ നൽകണമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെടുന്നത്. തൊഴിലാളികളുടെ സുരക്ഷ ഫിഫ ഉറപ്പു വരുത്തിയില്ലെന്നും അവർ വ്യക്തമാക്കുന്നു. ഏതാണ്ട് ആറു ബില്യൺ ഡോളർ ടൂർണമെന്റ് വഴിയും 1.6 ബില്യൺ ഡോളർ റിസെർവുമുള്ള ഫിഫക്ക് ഈ തുക നൽകാൻ പ്രയാസമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.