Football in Malayalam

ബാഴ്‌സയെ 3-0ത്തിന് തോൽപിക്കാൻ പറ്റുമെന്ന് റൊണാൾഡോ; പോർച്ചുഗീസ് താരത്തിന്റെ പ്രവചനം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

Haroon Rasheed
Cristiano Ronaldo bagged a brace for Juventus as they beat Barcelona 3-0 in the Champions League group stage last season.
Cristiano Ronaldo bagged a brace for Juventus as they beat Barcelona 3-0 in the Champions League group stage last season. / David Ramos/GettyImages
facebooktwitterreddit

കഠിനാധ്വാനം കൊണ്ട് ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതില്‍ പേരുകേട്ട താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 36ാം വയസിലും റൊണാൾഡോ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയും ലക്ഷ്യങ്ങള്‍ മറികടക്കുന്നതിന് വേണ്ടിയും ചിട്ടയായ പരിശീലനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ പരിശീലനത്തിന്റെയും ഭക്ഷണ ക്രമത്തിന്റെയും പല വിവരങ്ങളും പുറംലോകം ഇതിനോടകം കണ്ടതാണ്.

എന്നാല്‍ ഇതുവരെ ആരും കാണാത്തൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റൊണാൾഡോയുടെ ദൃഡനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് വീഡിയോയിലൂടെ പുറത്തെത്തിയിരിക്കുന്നത്. 2020 ഡിസംബറില്‍ നടന്ന ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരമാണ് രംഗം. ബാഴ്‌സലോണക്കെതിരേയുള്ള യുവന്റസിന്റെ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസ് പരാജയപ്പെട്ടിരുന്നു.

രണ്ടാം മത്സരത്തില്‍ മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കിയാല്‍ മാത്രമേ യുവന്റസിന് ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളു. ആമസോൺ പ്രൈം റിലീസ് ചെയ്‌ത "ഓള്‍ ഓര്‍ നത്തിങ് യുവന്റസ്" എന്ന ഡോക്യൂമെന്ററിയിലാണ് ഈ സമയത്ത് ക്രിസ്റ്റ്യാനോ പറഞ്ഞ വാക്കുകൾ എന്തെന്ന് വെളിപ്പെടുത്തുന്ന സംഭാഷണം ഉള്ളത്. ബാഴ്‌സക്കെതിരെയുള്ള രണ്ടാംപാദ മത്സരത്തിന് മുന്‍പായി ക്ലബിന്റെ വൈസ് ചെയര്‍മാന്‍ പവല്‍ നെദ്‌വേദും യുവന്റസിന്റെ മുന്‍ ചീഫ് ഫുട്‌ബോള്‍ ഓഫീസറുമായ ഫാബിയോ പരാറ്റിക്കിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്.

"നമുക്ക് ബാഴ്‌സലോണക്കെതിരെ 3-0ത്തിന്റെ ജയം സ്വന്തമാക്കാന്‍ കഴിയില്ല," പരാറ്റിക്കിയോട് നെദ്‌വെദ് പറഞ്ഞു. ''നമുക്ക് അതിന് കഴിയുമെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്,'' ഫാബിയോ ഉടന്‍ മറുപടി പറഞ്ഞു. "അവൻ അങ്ങനെ പറഞ്ഞോ," ആശ്ചചര്യത്തോടെ നെദ്‌വെദ് ചോദിച്ചു.

റൊണാൾഡോയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി ബാഴ്‌സക്കെതിരെയുള്ള മത്സരത്തില്‍ പോർച്ചുഗീസ് താരം നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ യുവന്റസ് കാറ്റലൻ ക്ലബ്ബിനെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തുകയും ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് മുന്നേറുകയും ചെയ്‌തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit