Football in Malayalam

പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നതാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ദീർഘകാല അഭിലാഷമെന്ന് ക്ലബ്ബിന്റെ പുതിയ ഡയറക്ടർ

By Gokul Manthara
Amanda Staveley
Amanda Staveley / OLI SCARFF/GettyImages
facebooktwitterreddit

പ്രീമിയർ ലീഗ് കിരീടം തന്നെയാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ലബ്ബിന്റെ പുതിയ ഡയറക്ടറായ അമാൻഡ സ്റ്റാവ്ലി‌. ഇതിനായി സമയമെടുക്കുമെന്ന് അറിയാമെന്ന് വ്യക്തമാക്കിയ അവർ, എന്നാൽ ഒരു ദിവസം തങ്ങൾ അവിടെയെത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ന്യൂകാസിലിന്റെ ഏറ്റെടുക്കൽ പൂർത്തിയായതിന് ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു ക്ലബ്ബിന്റെ ദീർഘകാല അഭിലാഷത്തെക്കുറിച്ച് സ്റ്റാവ്ലി മനസ് തുറന്നത്‌.

"പ്രീമിയർ ലീഗിൽ ഒന്നാമതെത്താൻ ന്യൂകാസിൽ യുണൈറ്റഡ് അർഹരാണ്. ഞങ്ങൾക്ക് അവിടെയെത്തണം. അതിന് സമയമെടുക്കും, പക്ഷേ ഞങ്ങൾ അവിടെയെത്തും. "

അമാൻഡ സ്റ്റാവ്ലി

"പ്രീമിയർ ലീഗിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു‌. ഇത് നമ്മൾ ഇഷ്ടപ്പെടുന്ന, അവിശ്വസനീയമാം വിധം മത്സരാധിഷ്ഠിതമായ ലീഗാണ്. പ്രീമിയർ ലീഗ് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ചതാണ്, ന്യൂകാസിൽ യുണൈറ്റഡ് ലോകത്തെ ഏറ്റവും മികച്ച ടീമാണ്," സ്റ്റാവ്ലി പറഞ്ഞു.

ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയർ ലീഗിലും, യൂറോപ്പിലും മുന്നിലെത്തണമെന്ന് പറയുന്ന സ്റ്റാവ്ലി, എന്നാൽ കിരീടങ്ങൾ നേടണമെങ്കിൽ ക്ഷമ, ഇൻവെസ്റ്റ്മെന്റ്, സമയം എന്നിവ ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു. ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ പ്രാപ്തമാകുന്ന രീതിയിൽ ക്ലബ്ബിനെ നിർമ്മിച്ചെടുക്കാൻ എല്ലാവരും തങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്നും സംസാരത്തിനിടെ സ്റ്റാവ്ലി വ്യക്തമാക്കി.

പുതിയ ഉടമസ്ഥർ എല്ലാത്തരത്തിലുമുള്ള നിക്ഷേപം ക്ലബ്ബിൽ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാവ്ലി പറയുന്നു. തങ്ങൾക്ക് മികച്ചൊരു സ്ക്വാഡുണ്ടെന്നും ടീമിന്റെ നായകനായ ജമാലുമായി താൻ സംസാരിച്ചതായും വ്യക്തമാക്കിയ അവർ, ടീമിനെ ശക്തിപ്പെടുത്തുന്നത് തങ്ങളെ ശരിക്കും ആവേശഭരിതരാക്കുന്നുണ്ടെന്നും എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേക്കുള്ളിൽ നിന്നു കൊണ്ട് അത് ചെയ്യേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

സൗദി അറേബ്യൻ കൺസോർഷ്യം ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുത്തതോടെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീവ് ബ്രൂസ് തെറിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. എന്നാൽ തങ്ങൾ സ്റ്റീവിനെ വളരെയധികം പിന്തുണക്കുന്നതായാണ് സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ക്ലബ്ബിന്റെ പുതിയ ഡയറക്ടറായ സ്റ്റാവ്ലി വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ അദ്ദേഹവുമായി സംസാരിക്കാനിരിക്കുകയാണ് തങ്ങളെന്നും ഇതിനൊപ്പം അവർ കൂട്ടിച്ചേർത്തു.


facebooktwitterreddit