Football in Malayalam

'എല്ലായ്പ്പോളും പോസിറ്റീവായി ചിന്തിക്കുക'; വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടി നൽകി സെർജിയോ അഗ്യൂറോ

By Gokul Manthara
FC Barcelona v Deportivo Alaves - La Liga Santander
FC Barcelona v Deportivo Alaves - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഡിപ്പോർട്ടീവോ അലാവസിനെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ ഹൃദയസംബന്ധമായ പ്രശ്നത്തെത്തുടർന്ന് മൈതാനം വിടേണ്ടി വന്ന ബാഴ്സലോണ താരം സെർജിയോ അഗ്യൂറോയുടെ ആരോഗ്യനില അല്പം ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. ഇതേ അവസ്ഥയിൽ താരത്തിന് കളി തുടരാൻ കഴിയില്ലെന്നും അതിനാൽ അദ്ദേഹം തന്റെ കരിയർ അവസാനിപ്പിക്കാൻ നിർബന്ധിതനാകുമെന്നും പോയ ദിവസം കറ്റലോണിയ റേഡിയോ റിപ്പോർട്ട് ചെയ്തു.‌ ഫുട്ബോൾ ലോകത്തിന് മുഴുവൻ വലിയ ഞെട്ടലായിരുന്നു ഈ വാർത്ത സമ്മാനിച്ചത്.

എന്നാൽ തന്റെ കരിയർ നേരത്തെ അവസാനിപ്പിക്കേ‌ണ്ടി വരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ശക്തമായതിനിടെ തന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കി അഗ്യൂറോ തന്നെ രംഗത്തെത്തി. ക്ലബ്ബിലെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ താൻ പാലിക്കുന്നുണ്ടെന്നും, പരിശോധനകളും, ചികിത്സയും നടത്തുന്നുണ്ടെന്നും തന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ കുറിച്ച അഗ്യൂറോ, 90 ദിവസത്തിനുള്ളിൽ താൻ എങ്ങനെ ഇതിൽ നിന്ന് പരിണമിക്കുന്നുവെന്ന് നോക്കാമെന്നും ചൂണ്ടിക്കാട്ടി. തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായിട്ടാണ് ഈ ട്വീറ്റെന്ന് വ്യക്തമാക്കിയ കുൻ, എല്ലായ്പ്പോളും പോസിറ്റീവായി ചിന്തിക്കണമെന്നും ട്വീറ്റിൽ കുറിച്ചു.

അതേ സമയം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയ അഗ്യൂറോക്ക് നിലവിൽ മൂന്ന്‌ മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ താരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ശരിയാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നത് ആരാധകരെ ആശങ്കാകുകരാക്കുന്നുമുണ്ട്.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോക്ക് പരിക്ക് മൂലം സീസണിലെ ആദ്യ മത്സരങ്ങളിൽ കറ്റാലൻ ക്ലബ്ബിനായി കളിക്കാനായിരുന്നില്ല. പരിക്ക് മാറി തിരിച്ചെത്തിയ അഗ്യൂറോ അലാവസിനെതിരായ മത്സരത്തിലായിരുന്നു ആദ്യമായി ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചത്. എന്നാൽ ഈ മത്സരത്തിൽ ത്തന്നെ നെഞ്ചുവേദന അനുഭവപ്പെട്ട് അദ്ദേഹത്തിന് പുറത്തേക്ക് പോകേണ്ടി വരുകയായിരുന്നു.

facebooktwitterreddit