Football in Malayalam

ആരാധകരെ ഞെട്ടിക്കാനൊരുങ്ങി കേരളാ‌ ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് മുന്നേറ്റതാരം ടീമിലേക്ക്

By Gokul Manthara
Espanyol Barcelona v Sporting de Gijon - La Liga SmartBank
Espanyol Barcelona v Sporting de Gijon - La Liga SmartBank / Alex Caparros/Getty Images
facebooktwitterreddit

സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം അൽവാരോ വസ്ക്വസ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്. ഇന്ന് രാവിലെ കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇരു കൂട്ടരും തമ്മിൽ ധാരണയിലെത്തിയെന്നും, 2021-22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ താരം കരാറിൽ ഒപ്പിടുമെന്നുമാണ് സ്പാനിഷ് മാധ്യമമായ റേഡിയോ മാർക്ക അസ്റ്റൂറിയാസ് റിപ്പോർട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

ഇന്ന് രാവിലെയാണ്‌ കരാർ കാര്യത്തിൽ ധാരണയുണ്ടായതെന്നും, ഇത് കൊണ്ടു തന്നെ പ്രഭാത പരിശീലനത്തിന് മുൻപായി വസ്ക്വസ്, സ്പോർട്ടിംഗ് ഗിജോണിലെ‌ തന്റെ സഹകളിക്കാരോടും, പരിശീലക സ്റ്റാഫിലെ അംഗങ്ങളോടും യാത്ര പറഞ്ഞെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ഒരു ഒപ്പിന്റെ കാര്യം മാത്രമാണ് കരാർ ഔദ്യോഗികമാകാൻ ഇനി ബാക്കിയുള്ളതെന്നും അധികം വൈകാതെ അതും സംഭവിക്കുമെന്നുമാണ് സൂചനകൾ.

പ്രശസ്ത സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്യോൾ, ഗെറ്റാഫെ, റയൽ സരഗോസ എന്നിവർക്കായി ബൂട്ടുകെട്ടിയിട്ടുള്ള വസ്ക്വസ്, ലോണടിസ്ഥാനത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ സ്വാൻസിയ സിറ്റിക്കായും കളിച്ചിട്ടുണ്ട്. 2019ൽ സ്പോർട്ടിംഗ് ഗിജോണിലെത്തിയ താരം നിലവിൽ സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന അവർക്കായി 53 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ സ്കോർ ചെയ്തു. 2022 ജൂൺ 30 വരെ ഗിജോണുമായി കരാറുള്ള വസ്ക്വസ് ഇപ്പോൾ അത് റദ്ദാക്കിയാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.

അതേ സമയം ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്ന നാലാമത്തെ വിദേശ താരമായിരിക്കും വസ്ക്വസ്. നേരത്തെ ബോസ്നിയൻ പ്രതിരോധ താരം എനസ് സിപോവിച്ചിനേയും, ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണയേയും ടീമിലെത്തിച്ചിരുന്ന ബ്ലാസ്റ്റേഴ്സ്, അർജന്റൈൻ താരം ജോർജ് പെരെയ്ര ഡയസിനെ ടീമിലെത്തിക്കുമെന്നതും ഉറപ്പായിക്കഴിഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit