Football in Malayalam

അൽവാരോ വാസ്‌ക്വസിന് ഇന്ത്യയിൽ നിന്നും എംഎൽഎസിൽ നിന്നും ഓഫറുകൾ

Haroon Rasheed
Alvaro Vazquez has offers from India and MLS
Alvaro Vazquez has offers from India and MLS / Indian Super League
facebooktwitterreddit

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പാനിഷ് സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വസിനെ റാഞ്ചാന്‍ മേജർ ലീഗ് സോക്കർ ക്ലബുകൾ രംഗത്തുള്ളതായി റിപ്പോര്‍ട്ട്. പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഏത് ക്ലബാണ് താരത്തിന് വേണ്ടി രംഗത്തുള്ളതെന്ന് വ്യക്തമല്ല.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച വാസ്‌ക്വസ്‌ കൊമ്പന്മാരുമായുള്ള കരാർ പുതുക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ മെർഗുലോ, താരത്തിന് എംഎൽഎസിൽ നിന്നും ഇന്ത്യയിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

"അല്‍വാരോ എവിടെയും ഒപ്പിട്ടിട്ടില്ല. ഇന്ത്യയില്‍ നിന്നും എം.എല്‍.എസില്‍ നിന്നും അദ്ദേഹത്തിന് ഓഫറുകള്‍ ഉണ്ടെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്, ചൈനയില്‍ നിന്നുള്ള ഓഫറുകള്‍ അദ്ദേഹം ഇതിനകം നിരസിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കും," മെര്‍ഗുലോ ട്വീറ്റിലൂടെ വ്യക്തമാക്കി.

വാസ്‌ക്വസിനെ സ്വന്തമാക്കാന്‍ ചൈനീസ് ലീഗിലെ ക്ലബ് സമീപിച്ചിരുന്നെങ്കിലും താരം ഓഫര്‍ നിരസിച്ചുവെന്നാണ് മെര്‍ഗുലോയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ ഒരു ക്ലബുമായും ധാരണയിലെത്താത്ത അല്‍വാരോയുടെ കാര്യത്തില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമുണ്ടാകുമെന്ന സൂചനയും ട്വീറ്റ് നൽകുന്നുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ കളിച്ച അല്‍വാരോ എട്ടു ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ പേരേര ഡയസിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിലെ പ്രധാന താരമായിരുന്നു വാസ്‌ക്വസ്.

അര്‍ധാവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിവുള്ള വാസ്‌ക്വസിനെ നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തിയേക്കും. കാരണം കഴിഞ്ഞ സീസണില്‍ അല്‍വാരോയുടെ പ്രകടനത്തിന്റെ ബലംകൊണ്ടുകൂടിയായിരുന്നു മഞ്ഞപ്പട ഐ.എസ്.എല്ലിന്റെ ഫൈനല്‍ വരെ എത്തിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit