Lionel Messi

"ഫുട്ബോൾ മെസിക്കൊരു ലോകകപ്പിനു കടപ്പെട്ടിരിക്കുന്നു"- ചരിത്രം കുറിക്കാൻ മെസിക്ക് പിന്തുണയുമായി ജൂലിയൻ അൽവാരസ്

Sreejith N
Julian Alvarez Says Football Owes Messi A World Cup
Julian Alvarez Says Football Owes Messi A World Cup / ANDER GILLENEA/GettyImages
facebooktwitterreddit

കരിയറിൽ സാധ്യമായതും അതിനുമപ്പുറമുള്ളതുമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ലയണൽ മെസിക്ക് ഇനി ബാക്കിയുള്ളത് ലോകകപ്പ് മാത്രമാണ്. 2014ൽ ഫൈനൽ വരെയെത്തിയെങ്കിലും ജർമനിയോട് ഫൈനലിൽ കീഴടങ്ങാനായിരുന്നു അർജന്റീനയുടെ വിധി. ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുള്ളതിനാൽ തന്നെ ഖത്തറിൽ കിരീടം നേടുകയെന്ന ലക്ഷ്യമാണ് അർജന്റീനക്കുള്ളത്.

ഏഴു ബാലൺ ഡി ഓറും നാല് ചാമ്പ്യൻസ് ലീഗും ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി അർജന്റീനക്കൊപ്പം മികച്ച പ്രകടനം നടത്തി ലോകകപ്പിനു തയ്യാറെടുക്കുമ്പോൾ താരത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ സഹതാരങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി താരമായ ജൂലിയൻ അൽവാരസും ലോകകപ്പ് മെസിക്ക് നേടിക്കൊടുക്കാൻ പൊരുതുമെന്ന കാര്യം വ്യക്തമാക്കുകയുണ്ടായി.

"എല്ലാ അർജന്റീനിയൻസിനുമായി അതു നേടാൻ കഴിഞ്ഞാൽ വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം ലോകത്തെമ്പാടും ഫുട്ബോളിന് മെസി ആരാണെന്ന് പരിഗണിക്കുമ്പോൾ ഫുട്ബോൾ താരത്തിനൊരു ലോകകപ്പിനു കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാധ്യതയുള്ളവരാണോ എന്നറിയില്ല, പക്ഷെ ഞങ്ങൾ ആരുമായും പൊരുതാൻ തയ്യാറാണ്." എൽ പൈസിനോട് ജൂലിയൻ അൽവാരസ് പറഞ്ഞു.

ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്‌ഫർ പൂർത്തിയാക്കി ലോണിൽ റിവർപ്ലേറ്റിൽ തന്നെ തുടർന്ന ജൂലിയൻ അൽവാരസ് പെപ് ഗ്വാർഡിയോള തനിക്ക് പിന്തുണയറിയിച്ച കാര്യവും വെളിപ്പെടുത്തി. എന്നാൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ എർലിങ് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതിനാൽ അടുത്ത സീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit