ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന മുന്നേറ്റനിരയിൽ വലിയ മാറ്റങ്ങൾക്കു സാധ്യത


വെനസ്വലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന മുന്നേറ്റനിരയിൽ വലിയ മാറ്റങ്ങൾക്കു സാധ്യത. നേരത്തെ ലയണൽ മെസിക്കൊപ്പം ഏഞ്ചൽ ഡി മരിയയും ലൗടാരോ മാർട്ടിനസുമാണ് സ്ഥിരമായി മുന്നേറ്റനിരയിൽ ഇറങ്ങിയിരുന്നതെങ്കിലും ഇവർ രണ്ടു പേരും ഈ മത്സരം കളിക്കില്ലെന്നാണ് സൂചനകൾ.
ടിഎൻടി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം കോവിഡ് ബാധിതനായതാണ് ലൗടാരോ മാർട്ടിനസിനു ലോകകപ്പ് യോഗ്യത മത്സരം നഷ്ടമാകാൻ കാരണമായത്. വെനസ്വലക്കെതിരെ കളിക്കില്ലെന്നു വ്യക്തമായ താരം ഇക്വഡോറിനെതിരായ രണ്ടാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്ഥാനം നേടുമോയെന്ന് ഇതുവരെയും വ്യക്തമല്ല.
ടിഎൻടി സ്പോർട്ടിന്റെ തന്നെ റിപ്പോർട്ടുകൾ പ്രകാരം മുന്നേറ്റനിരയിൽ ലയണൽ മെസിക്കൊപ്പം നിക്കോ ഗോൺസാലസ് ഇറങ്ങും. ഇതിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ജൂലിയൻ അൽവാരസോ ഇന്റർ മിലാൻ താരമായ ജൊവാക്വിൻ കൊറേയയോ ആണ് ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യത.
Julián Álvarez of River Plate, Joaquín Correa of Inter could start for Argentina with Lionel Messi. https://t.co/er98AgrTh5
— Roy Nemer (@RoyNemer) March 23, 2022
ആദ്യ ഇലവനിൽ അവസരം ലഭിച്ചാൽ ജൂലിയൻ അൽവാരസ് അർജന്റീന ജേഴ്സിയിൽ സ്റ്റാർട്ട് ചെയ്യുന്ന ആദ്യത്ത മത്സരം ആയിരിക്കുമത്. അവസരം ലഭിക്കുകയും അത് കൃത്യമായി മുതലെടുക്കുകയും ചെയ്താൽ അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനും താരത്തിനു കഴിയും.
നേരത്തെ ലോകകപ്പ് യോഗ്യത നേടിയ അർജന്റീനയെ സംബന്ധിച്ച് മത്സരം നിർണായകമല്ല. അതേസമയം 29 മത്സരങ്ങളായി തുടരുന്ന അപരാജിതകുതിപ്പ് നിലനിർത്താൻ അർജന്റീന ശ്രമിക്കുന്നുണ്ടാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.