Football in Malayalam

യുവന്റസിലേക്കു തിരിച്ചെത്തുന്നതിനു വേണ്ടി റയൽ മാഡ്രിഡിന്റെ ഓഫർ നിഷേധിച്ചുവെന്ന് അല്ലെഗ്രി

Sreejith N
Massimiliano Allegri, head coach of Juventus FC, looks on...
Massimiliano Allegri, head coach of Juventus FC, looks on... / Marco Canoniero/Getty Images
facebooktwitterreddit

യുവന്റസ് പരിശീലക സ്ഥാനത്തേക്കു തിരിച്ചെത്തുന്നതിനു വേണ്ടി റയൽ മാഡ്രിഡിന്റെ ഓഫർ നിഷേധിച്ചുവെന്നു വ്യക്തമാക്കി മാസിമിലിയാനോ അല്ലെഗ്രി. കഴിഞ്ഞ സീസണിൽ തിരിച്ചടികൾ നേരിട്ട ഇറ്റാലിയൻ ക്ലബ്ബിനെ സീരി എയിൽ മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷത്തിനു ശേഷമാണ് ഇറ്റാലിയൻ ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് അല്ലെഗ്രി മടങ്ങിയെത്തുന്നത്. അല്ലെഗ്രി സ്ഥാനമൊഴിഞ്ഞതിനു ശേഷമെത്തിയ മൗറീസിയോ സാറി, ആന്ദ്രേ പിർലോ എന്നിവർക്ക് ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിയാത്തതിനാൽ തിരിച്ചെത്തിയ ഇറ്റാലിയൻ പരിശീലകന് യുവന്റസിനെ വീണ്ടും സീരി എ ജേതാക്കളാക്കുക എന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്.

കഴിഞ്ഞ സീസണു ശേഷം സിദാൻ ക്ലബ് വിട്ടതോടെ മികച്ച പരിശീലകർക്കു വേണ്ടി നീക്കങ്ങൾ നടത്തിയ റയൽ അല്ലെഗ്രിക്കു വേണ്ടിയും ശ്രമിച്ചെങ്കിലും അദ്ദേഹം യുവന്റസിലേക്ക്‌ തിരിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു. "എനിക്കു മുന്നിൽ വെച്ചു നീട്ടിയ അവസരത്തിന് ഞാൻ നന്ദി പറയുന്നു. ഞാൻ യുവന്റസിനെ തിരഞ്ഞെടുത്തത് എനിക്കീ ക്ലബിനോടുള്ള സ്‌നേഹം കൊണ്ടും ഈ യുവനിരയുള്ള ടീമിലെ വിശ്വാസം കൊണ്ടുമാണ്. ഈ കളിക്കാരെ പരിശീലിപ്പിക്കുന്നത് മനോഹരമായിരിക്കും, എന്നാൽ അതിനൊപ്പം വിജയവും വേണം. അതാണു പ്രധാനം."

"ഞാൻ വളരെയധികം ആവേശത്തിലാണ്. എല്ലാ യുവതാരങ്ങളും ടീമിനൊപ്പമുണ്ട്, അവർ കഴിഞ്ഞ പ്രീ സീസൺ മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. അതിനു പുറമെ ഫസ്റ്റ് ടീമിലെ താരങ്ങളും തിരിച്ചെത്തിക്കഴിഞ്ഞു. ചൊവ്വാഴ്‌ച മുതൽ അവരും ലഭ്യമായി തുടങ്ങും. ഇനി കഴിഞ്ഞ കാലത്തെക്കുറിച്ച് പറയാനുള്ള സമയമല്ല, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്." പത്രസമ്മേളനത്തിൽ അല്ലെഗ്രി പറഞ്ഞു.

യുവന്റസ് പരിശീലക സ്ഥാനത്തേക്ക് തന്നെ വീണ്ടും ക്ഷണിച്ച ആഗ്നല്ലിയോട് നന്ദിയുണ്ടെന്നും അല്ലെഗ്രി പറഞ്ഞു. യുവതാരങ്ങളും അവർക്ക് മാതൃകയാവാൻ കഴിയുന്ന റൊണാൾഡോ, കില്ലിനി, ബൊനുച്ചി പോലെയുള്ള പരിചയസമ്പന്നരായ താരങ്ങളും ടീമിന് കരുത്തു പകരുമെന്നും പുതിയ ലക്ഷ്യങ്ങളിലേക്ക് ടീമിനെ നയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


facebooktwitterreddit