Football in Malayalam

മാസിമിലിയാനോ അല്ലെഗ്രി യുവന്റസിലേക്ക് തിരിച്ചെത്തും; റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞ് സിദാൻ

Sreejith N
Juventus v Atalanta BC - Serie A
Juventus v Atalanta BC - Serie A / Tullio M. Puglia/Getty Images
facebooktwitterreddit

രണ്ടു വർഷങ്ങൾക്കു ശേഷം യുവന്റസ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്താൻ മാസിമിലിയാനോ അല്ലെഗ്രി ഒരുങ്ങുന്നു. നേരത്തെ റയൽ മാഡ്രിഡ് സിനദിൻ സിദാന് പകരക്കാരനായി പരിഗണിക്കുന്ന പരിശീലകരിൽ അല്ലെഗ്രിയാണ് മുന്നിൽ നിൽക്കുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇറ്റാലിയൻ പരിശീലകൻ തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് ട്രാൻസ്‌ഫർ എക്സ്പെർട്ടുകളായ ഫാബ്രിസിയോ റൊമാനൊ, ഡി മർസിയോ എന്നിവർ വെളിപ്പെടുത്തുന്നത്.

ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം അല്ലെഗ്രി യുവന്റസ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ വാക്കാൽ സമ്മതം മൂളിയിട്ടുണ്ട്. വരുന്ന ഏതാനും മണിക്കൂറുകൾക്കുള്ളിൽ കരാർ ഒപ്പിടുമെന്നും അതിനു ശേഷം നിലവിലെ പരിശീലകനായ പിർലോയെ പുറത്താക്കിയ വിവരവും അല്ലെഗ്രിയുടെ നിയമനവും യുവന്റസ് ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് സ്കൈ സ്പോർട്സും വെളിപ്പെടുത്തി.

യുവന്റസിനൊപ്പം പരിശീലകനായിരുന്ന അഞ്ചു വർഷവും സീരി എ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് മാസിമിലിയാനോ അല്ലെഗ്രി. ഇതിനു പുറമെ നാല് കോപ്പ ഇറ്റാലിയ കിരീടവും രണ്ടു സൂപ്പർകൊപ്പ ഇറ്റലിയാനയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ടീം പരാജയപ്പെട്ടതു കൊണ്ടാണ് അദ്ദേഹം രണ്ടു സീസണുകൾക്ക് മുൻപ് സ്ഥാനമൊഴിഞ്ഞത്.

ഈ സീസണിൽ പിർലോക്ക് കീഴിൽ യുവന്റസ് മോശം പ്രകടനം നടത്തിയതിനെ തുടർന്നാണ് യുവന്റസ് അല്ലെഗ്രിയെ വീണ്ടുമെത്തിക്കുന്നത്. സീരി എയിൽ നാലാം സ്ഥാനത്തേക്കു വീഴുകയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താവുകയും ചെയ്ത ടീം സീസണിനൊടുവിൽ കോപ്പ ഇറ്റാലിയ കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്.

അല്ലെഗ്രിയുമായി യുവന്റസ് ധാരണയിൽ എത്തിയതോടെ സിദാൻ ഇറ്റാലിയൻ ക്ലബ്ബിലേക്ക് പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾക്കും അവസാനമായി. സിദാൻ റയൽ മാഡ്രിഡ് മാനേജർ സ്ഥാനം ഒഴിഞ്ഞത് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അല്ലെഗ്രി യുവന്റസിലേക്ക് ചേക്കേറുന്നതോടെ റയൽ അന്റോണിയോ കോണ്ടെ, റൗൾ എന്നിവരെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.


facebooktwitterreddit