Juventus News

പുതിയ മെസിയാണു താനെന്ന് ഡിബാല കരുതിയിരുന്നു, താരം സ്വന്തം കഴിവുകളെ തിരിച്ചറിയണമെന്ന് അല്ലെഗ്രി

Sreejith N
Allegri Urges Dybala To Go Back To Being Himself
Allegri Urges Dybala To Go Back To Being Himself / Lucas Uebel/GettyImages
facebooktwitterreddit

പുതിയ മെസിയായി പൗളോ ഡിബാല സ്വയം കരുതിയിരുന്നുവെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു മുന്നോട്ടു പോകാൻ താരം തയ്യാറാകണമെന്നും അല്ലെഗ്രി ആവശ്യപ്പെട്ടു. കരാർ അവസാനിച്ച് ക്ലബ് വിടുന്ന അർജന്റീന താരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സ്‌കലോണി.

യുവന്റസിൽ എത്തിയതിനു ശേഷം ടീമിലെ പ്രധാന താരമായി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡിബാല 293 മത്സരങ്ങളിൽ നിന്നും 115 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ജൂൺ 30ന് അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കി നൽകുന്നില്ലെന്ന് യുവന്റസ് തീരുമാനിച്ചതോടെയാണ് ഡിബാല ക്ലബ് വിടാനൊരുങ്ങുന്നത്.

"ഡിബാല തിരിച്ചു പോയി താൻ തന്നെയായി മാറണം. പുതിയൊരു മെസിയായി കരുതി അതിനനുസരിച്ച് പെരുമാറിയിരുന്ന ഒരു സമയം താരത്തിനുണ്ടായിരുന്നു." ഡിഎസെഡ്എന്നിനോട് സംസാരിക്കെ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു.

"നമുക്ക് മറ്റൊരാളെ അനുകരിക്കാനോ അതുപോലെയാകാനോ കഴിയില്ല. പൗലോക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ഫുട്ബോളിന് നൽകാനുണ്ട്, അസാധാരണമായ സാങ്കേതിക മികവുമുണ്ട്. എന്നാൽ രണ്ടാമത് പറഞ്ഞ കാര്യത്തിൽ താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം." അല്ലെഗ്രി വ്യക്തമാക്കി.

ഈ സീസണിൽ മിലാൻ, ഇന്റർ, നാപ്പോളി എന്നീ ടീമുകളുടെ പിന്നിലായാണ് യുവന്റസ് സീസൺ പൂർത്തിയാക്കിയതെങ്കിലും ഈ ടീമുകൾ യുവന്റസിനെക്കാൾ മുകളിലാണെന്ന് താൻ കരുതുന്നില്ലെന്നും അല്ലെഗ്രി പറഞ്ഞു. സ്വഭാവഗുണത്തിലും മാനേജ്‌മെന്റിലും സംഭവിച്ച ചില കുറവുകളാണ് ഈ സീസണിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit