Football in Malayalam

റയൽ മാഡ്രിഡടക്കം നാല് വമ്പൻ ക്ലബുകളുടെ പരിശീലക സ്ഥാനം അല്ലെഗ്രി നിഷേധിച്ചതിനെ കാരണം വെളിപ്പെടുത്തി സുഹൃത്ത്

Sreejith N
Juventus v Atalanta BC - Serie A
Juventus v Atalanta BC - Serie A / Tullio M. Puglia/Getty Images
facebooktwitterreddit

യുവന്റസ് ആരാധകർ ഇപ്പോൾ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഒരു പക്ഷെ ക്ലബിന്റെ മുൻ പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രിയെയായിരിക്കും. എട്ടു വർഷം തുടർച്ചയായി യുവന്റസിന് സീരി എ കിരീടം നേടിക്കൊടുത്ത ഇറ്റാലിയൻ പരിശീലകൻ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുന്നില്ലെന്നതിനെ തുടർന്നാണ് സാറിക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുത്തത്. എന്നാൽ അതിനു ശേഷം യുവന്റസ് പഴയ മേധാവിത്വം കാണിച്ചിട്ടില്ലെന്നത് കണക്കുകൾ വ്യക്തമാക്കുന്നു.

യുവന്റസിൽ നിന്നും സ്ഥാനമൊഴിഞ്ഞതിനു ശേഷം യൂറോപ്പിൽ ഏറ്റവുമധികം ഡിമാൻഡുള്ള പരിശീലകരിൽ ഒരാളായിരുന്നു അല്ലെഗ്രി. ഇക്കാലയളവിൽ ആഴ്‌സണൽ, ചെൽസി എന്നിവക്ക് പുറമെ റയൽ മാഡ്രിഡിന്റെ ഓഫറും അദ്ദേഹത്തെ തേടിയെത്തിയെങ്കിലും അതെല്ലാം അല്ലെഗ്രി വേണ്ടെന്നു വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റേഡിയോ കിസ് കിസ്സിനോട് സംസാരിക്കുമ്പോൾ വമ്പൻ ക്ലബുകളുടെ ഓഫർ അല്ലെഗ്രി തഴഞ്ഞതിന്റെ കാരണം അദ്ദേഹത്തിന്റെ സുഹൃത്തായ ജിയോവാനി ഗാലിയോൺ വ്യക്തമാക്കി.

"കാരണം വളരെ ലളിതമാണ്. കുടുംബപരമായ കാരണങ്ങൾ കൊണ്ട് പല വമ്പൻ ക്ലബുകളോടും അദ്ദേഹത്തിന് 'നോ' പറയേണ്ടി വന്നു. ചെൽസി, ആഴ്‌സണൽ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്ക് പുറമെ പിഎസ്‌ജിയുടെ ഓഫറും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. അതിൽ റയൽ മാഡ്രിഡിന്റെ ഓഫർ അദ്ദേഹം വേണ്ടെന്നു വെച്ചത് മറ്റു ക്ലബുകളുടെ ഓഫർ മുൻപേ നിഷേധിച്ചതു കൊണ്ടായിരുന്നു," ഗാലിയോൺ വെളിപ്പെടുത്തി.

"ഇത്രയും വലിയൊരു ക്ലബ്ബിനെ എങ്ങനെയാണ് തഴയാൻ കഴിയുന്നതെന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ഞാനൊരു കോമാളിയല്ലെന്നും പല ക്ലബുകളെയും പരിശീലിപ്പിക്കാൻ കഴിയില്ലെന്നു പറഞ്ഞതിന്റെ പത്താമത്തെ ദിവസം മറ്റൊരു ക്ലബിന്റെ ഓഫർ തിരഞ്ഞെടുക്കാൻ തനിക്ക് കഴിയില്ലെന്നാണ് അല്ലെഗ്രി പറഞ്ഞത്.

"വളരെ സത്യസന്ധനായ മനുഷ്യനാണെന്നതിനു പുറമെ തീർത്തും പ്രൊഫെഷണൽ സമീപനമാണ് അല്ലെഗ്രിയുടേത്. ഇപ്പോൾ അദ്ദേഹം തിരിച്ചു വരവിനു തയ്യാറായി ഒരു മുൻനിര ക്ലബ്ബിനെ കാത്തിരിക്കുകയാണ്."

നിലവിലെ സാഹചര്യത്തിൽ അല്ലെഗ്രി യുവന്റസിലേക്ക് തന്നെ തിരിച്ചു വരാനായിരിക്കും ആരാധകർ ആഗ്രഹിക്കുന്നുണ്ടാവുക. കഴിഞ്ഞ മൂന്നു സീസണായി ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്താവുന്ന യുവന്റസിന് ഇത്തവണ സീരി എ കിരീടം നേടാനും സാധ്യതയില്ല. അതുകൊണ്ടു തന്നെ എട്ടു ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ അല്ലെഗ്രിയുടെ തിരിച്ചു വരവ് ആരാധകർ പ്രതീക്ഷിച്ചാലും തെറ്റ് പറയാനാവില്ല.

facebooktwitterreddit