Football in Malayalam

യുവന്റസിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന റൊണാൾഡോയെ ഒഴിവാക്കണമെന്ന് അല്ലെഗ്രി ഉപദേശിച്ചിരുന്നെന്ന് റിപ്പോർട്ട്

Sreejith N
Juventus v US Sassuolo - Serie A
Juventus v US Sassuolo - Serie A / Claudio Villa./Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ നിന്നുമൊഴിവാക്കാൻ യുവന്റസ് പരിശീലകനായിരുന്ന സമയത്ത് മാസിമിലിയാനോ അല്ലെഗ്രി ഉപദേശിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ. ടീമിന്റെ വളർച്ചയെ മുരടിപ്പിക്കുകയാണ് റൊണാൾഡോ ചെയ്യുന്നതെന്നും അതിനാൽ താരത്തെ ഒഴിവാക്കണമെന്നും അല്ലെഗ്രി യുവന്റസ് മേധാവിയായ ആന്ദ്രേ ആഗ്നല്ലിയെ ഉപദേശിച്ചിരുന്നുവെന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്ക പുറത്തു വിട്ടത്.

"റൊണാൾഡോയെ പുറത്താക്കൂ, അയാൾ ഈ ടീമിന്റെയും ക്ലബിന്റെയും വളർച്ചയെ തടസ്സപ്പെടുത്തുകയാണ്," ആന്ദ്രേ ആഗ്നല്ലിയോട് മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞതായി ഇറ്റാലിയൻ ന്യൂസ്‌പേപ്പറിൽ വന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അല്ലെഗ്രി യുവന്റസ് പരിശീലകസ്ഥാനം ഒഴിയുന്നതിനു മുന്നോടിയായാണ് ഈ നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

റൊണാൾഡോ യുവന്റസിലെത്തിയതിനു ശേഷം രണ്ടു സീരി എ കിരീടങ്ങൾ യുവന്റസ് നേടിയെങ്കിലും അല്ലെഗ്രി സ്ഥാനമൊഴിഞ്ഞതിനു ശേഷം ടീമിന്റെ പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണെന്നു വ്യക്തമാണ്. അതേസമയം ഇപ്പോഴും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണു റൊണാൾഡോയെന്നു മനസിലാക്കാൻ ഇക്കാലയളവിൽ നേടിയ താരം ഗോളുകളുടെ എണ്ണം മാത്രമെടുത്താൽ മതിയാവും.

2022 വരെ യുവന്റസുമായി റൊണാൾഡോക്ക് കരാറുണ്ടെങ്കിലും മറ്റൊരു ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം താരം ഈ സീസണ് ശേഷം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഉയർന്ന പ്രതിഫലവും ട്രാൻസ്‌ഫർ ഫീസുമെല്ലാം താരത്തെ വാങ്ങാൻ താല്പര്യമുള്ള ക്ലബുകളെ പിന്തിരിപ്പിക്കുന്നു.

ഈ സീസണിൽ ഇരുപത്തിയഞ്ചു ഗോളുകൾ ലീഗിൽ നേടിയ റൊണാൾഡോയാണ് സീരി എ ടോപ് സ്‌കോറർ. എന്നാൽ ഇറ്റാലിയൻ ക്ലബിൽ തന്റെ പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. കോപ്പ ഇറ്റാലിയയാണ് ഇനി യുവന്റസിന് പ്രതീക്ഷയുള്ള ഒരേയൊരു കിരീടം.


facebooktwitterreddit