"യുവന്റസ് മിഡ് ടേബിൾ ടീം, വെറോണയെക്കാൾ മികച്ചതല്ല"- തോൽ‌വിയോട് പ്രതികരിച്ച് അല്ലെഗ്രി

Sreejith N
Hellas Verona FC v Juventus - Serie A
Hellas Verona FC v Juventus - Serie A / CPS Images/GettyImages
facebooktwitterreddit

ഇറ്റാലിയൻ ലീഗിൽ വെറോണയോട് യുവന്റസ് വഴങ്ങിയ തോൽ‌വിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ അല്ലെഗ്രി. ഡീഗോ സിമിയോണിയുടെ മകനായ ജിയോവാനി സിമിയോണി നേടിയ ഇരട്ടഗോളുകളിൽ മുന്നിലെത്തിയ വെറോണക്കെതിരെ മക്കന്നിയിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞെങ്കിലും വിജയം നേടാൻ യുവന്റസിനു കഴിഞ്ഞിരുന്നില്ല. ഒരു മിഡ് ടേബിൾ ടീമായ യുവന്റസ് വെറോണയെക്കാൾ മികച്ചതല്ലെന്നും നിലവിലെ സ്ഥാനമാണ് അവർ അർഹിക്കുന്നതെന്നുമാണ് മത്സരത്തിനു ശേഷം അല്ലെഗ്രി പറഞ്ഞത്.

"ഈ സമയത്ത് വാക്കുകൾ അർത്ഥരഹിതമാണ്. ഞങ്ങൾ ഒരു മോശം സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. ഞങ്ങളൊരു മിഡ് ടേബിൾ ടീമാണെന്ന യാഥാർഥ്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. കുറച്ചു കൂടി ദൃഢനിശ്ചയത്തോടെയും നിലവാരത്തോടെയും ഈ സാഹചര്യത്തിൽ നിന്നും ഞങ്ങൾക്ക് പുറത്തു കടക്കാൻ കഴിയും."

"ഈ സാഹചര്യത്തിൽ നിന്നും ഞങ്ങളെ ഞങ്ങൾ തന്നെ പുറത്തേക്ക് എത്തിക്കണം.കുറ്റബോധം തോന്നിയതു കൊണ്ട് യാതൊരു പ്രയോജനവുമില്ല, അതിപ്പോൾ സഹായിക്കുകയുമില്ല. ഞങ്ങൾ എന്തു ചെയ്യണം എന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തെ ശരിയാക്കിയെടുക്കാം."

"ഇതൊരു നല്ല സ്‌ക്വാഡാണ്, എന്നാൽ ഫുട്ബോളിൽ കാര്യങ്ങൾ എല്ലായിപ്പോഴും നമ്മുടെ വഴിയേ പോകണമെന്നില്ല. അഭിമാനം ദൃഢനിശ്ചയം എന്നിവയോടെ ഞങ്ങൾ പ്രതികരിക്കണം. ഒരു പോയിന്റ് മാത്രമുള്ള ടീമായി ഞങ്ങൾ കളിക്കേണ്ടിയിരുന്നു, അതു ഞങ്ങൾ ചെയ്‌തു, ഇനി ഞങ്ങൾ പതിനഞ്ചു പോയിന്റുള്ള ഒരു ടീമായി കളിക്കണം." മത്സരത്തിനു ശേഷം അല്ലെഗ്രി പറഞ്ഞു.

വെറോണ കായികപരമായി കൂടുതൽ പോരാട്ടവീര്യം കാണിക്കുന്ന ടീമാണെന്നും അവരെ അതെ തലത്തിൽ നേരിട്ടില്ലെങ്കിൽ തോൽവി സ്വാഭാവികമാണെന്നും അല്ലെഗ്രി കൂട്ടിച്ചേർത്തു. യുവന്റസ് ജേഴ്‌സി അണിഞ്ഞതു കൊണ്ട് മിഡ് ടേബിളിലുള്ള ടീമുകളെയെല്ലാം തോൽപ്പിക്കാൻ കഴിയുമെന്ന് കരുതാൻ കഴിയില്ലെന്നും തികഞ്ഞ മനോഭാവത്തോടെ നേരിട്ടാലേ വിജയം നേടാൻ കഴിയൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

facebooktwitterreddit