Football in Malayalam

ബാഴ്സലോണക്കെതിരെ റൊണാൾഡോയും, ഡിബാലയും യുവന്റസ് നിരയിൽ കളിച്ചേക്കും; നിർണായക സൂചനകൾ പുറത്ത് വിട്ട് അല്ലഗ്രി

Gokul Manthara
Juventus  v Udinese Calcio - Serie A
Juventus v Udinese Calcio - Serie A / Valerio Pennicino/Getty Images
facebooktwitterreddit

ബാഴ്സലോണക്കെതിരെ ഈ മാസം ഒൻപതിന് നടക്കാനിരിക്കുന്ന ജോൺ ഗാമ്പർ ട്രോഫി ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും, പൗളോ ഡിബാലയും യുവന്റസ് നിരയിലുണ്ടാകുമെന്ന സൂചനകൾ നൽകി പരിശീലകൻ മാസിമിലിയാനോ അല്ലഗ്രി. ഇറ്റാലിയൻ മാധ്യമമായ മീഡിയ സെറ്റിനോട് സംസാരിക്കവെ റൊണാൾഡോയുടേയും, ഡിബാലയുടേയും ഫിറ്റ്നസിന്റെ കാര്യത്തിൽ വ്യക്തത വരുത്തിയ യുവന്റസ് പരിശീലകൻ, അവധിക്കാലം കഴിഞ്ഞ് അതുത്സാഹത്തോടെയാണ് റൊണാൾഡോ ക്ലബ്ബിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തിയതെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മോൻസക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ റൊണാൾഡോയും, ഡിബാലയും യുവന്റസ് നിരയിലുണ്ടായിരുന്നില്ല‌. ബാഴ്സലോണക്കെതിരായ പോരാട്ടത്തിന് മുൻപ്‌ യുവന്റസ് ആരാധകർക്ക് അല്പം ആശങ്ക സമ്മാനിക്കുന്നതായിരുന്നു ഇത്‌. എന്നാൽ ഈ ആശങ്കക്ക് അവസാനമിട്ടു കൊണ്ടാണ് ബാഴ്സലോണക്കെതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ ഇരു താരങ്ങളേയും ഉൾപ്പെടുത്തുമെന്ന് അല്ലഗ്രി വ്യക്തമാക്കിയിരിക്കുന്നത്.

റൊണാൾഡോ യുവന്റസിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തിയത് വലിയ ഉത്സാഹത്തോടെയാണെന്ന് വ്യക്തമാക്കുന്ന അല്ലഗ്രി, ടീമിന്റെ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാലയുടെ ഇടത് കാലിൽ ചെറിയ പേശി പ്രശ്നമുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഡിബാലയുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് യുവന്റസ് പരിശീലകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതേ സമയം മിറാലം പ്യാനിച്ച്, ഇക്കുറി യുവന്റസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന തരത്തിൽ ഉയരുന്ന അഭ്യൂഹങ്ങളെക്കുറിച്ചും അല്ലഗ്രിക്ക് ചോദ്യം നേരിടേണ്ടി വന്നു‌. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നും, ക്ലബ്ബാണ് ട്രാൻസ്ഫർ വിപണിയിലെ കാര്യങ്ങൾ നോക്കുന്നതെന്നുമായിരുന്നു ഇതിന് അല്ലഗ്രിയുടെ മറുപടി. ഇതിനൊപ്പം ടീമിന്റെ വെൽഷ് മധ്യനിര താരം ആരോൺ റംസിയെ അല്ലഗ്രി വാനോളം പ്രശംസിച്ചുവെന്നതും ശ്രദ്ധേയമായി‌.‌ ഡിഫൻസിന് മുന്നിൽ റംസി നന്നായി കളിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അല്ലഗ്രി, ആ റോളിൽ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ട കളികാരനാകാമെന്നും സംസാരത്തിനിടെ കൂട്ടിച്ചേർത്തു.

facebooktwitterreddit