Football in Malayalam

റൊണാൾഡോയോ മെസിയോ? മറുപടി നൽകി മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രി

Sreejith N
Juventus Training Session - Italian Supercup Previews
Juventus Training Session - Italian Supercup Previews / Marco Rosi/Getty Images
facebooktwitterreddit

സമകാലീന ഫുട്ബോളിൽ ഒട്ടുമിക്ക പ്രധാന താരങ്ങളും പരിശീലകരും നിരീക്ഷകരും മുൻ താരങ്ങളുമെല്ലാം നേരിട്ടുള്ള ചോദ്യമായിരിക്കും മെസിയാണോ റൊണാൾഡോയാണോ ഏറ്റവും മികച്ച കളിക്കാരൻ എന്നത്. വളരെക്കാലമായി ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഈ രണ്ടു താരങ്ങൾ മാത്രം പതിനൊന്നു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് എന്നിരിക്കെ അതിലൊരാളെ മികച്ചതായി തിരഞ്ഞെടുക്കാൻ പലർക്കും കഴിയാറുമില്ല.

സമാനമായ മറുപടിയാണ് കഴിഞ്ഞ ദിവസം യുവന്റസിന്റെ മുൻ പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രി ഇരുവരിൽ ആരാണ് മികച്ചതെന്ന ചോദ്യത്തിനു നൽകിയത്. റൊണാൾഡോയെ പരിശീലിപ്പിക്കുകയും മെസിക്കെതിരെ ടീമിനെ ഇറക്കുകയും ചെയ്തിട്ടുള്ള ഇറ്റാലിയൻ മാനേജർ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുമ്പോഴാണ് മെസി, റൊണാൾഡോ എന്നിവരെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

"ഇരുവരും വ്യത്യസ്ഥരായ രണ്ടു കളിക്കാരാണ്. ഒരാൾ മഹത്തായ കളിക്കാരനും മറ്റെയാൾ വളരെ മികച്ച താരവുമാണെന്നാണ് ഞാൻ പറയുക," അല്ലെഗ്രി പറഞ്ഞു. യുവന്റസ് പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇതുവരെയും ഒരു ടീമിലേക്കും ചേക്കേറിയിട്ടില്ലാത്ത അല്ലെഗ്രി ഫുട്ബോൾ മാനേജർ സ്ഥാനത്തേക്കുള്ള തന്റെ മടങ്ങി വരവിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

"ഇപ്പോൾ അതിനെക്കുറിച്ചൊന്നും എനിക്കൊന്നുമറിയില്ല. സ്പെയിനിലെയും ഇംഗ്ലണ്ടിലെയും ലീഗുകളുടെ മനോഹാരിതയും ആകർഷണവും അവിടെയുണ്ട്. എന്നാൽ ഇറ്റലിയിൽ തന്നെ തുടരാൻ കഴിഞ്ഞാലും ഞാൻ സന്തോഷവാനായിരിക്കും,." റയൽ മാഡ്രിഡ് പരിശീകനാവാനുള്ള ക്ഷണം നിരസിച്ചിട്ടുള്ള അല്ലെഗ്രി വ്യക്തമാക്കി.

ഇറ്റലിയിലാണെങ്കിൽ നാപോളി, റോമ എന്നീ ക്ലബുകളിലേക്കാണ് അല്ലെഗ്രി പരിശീലകനായി മടങ്ങിയെത്തുകയെന്നാണ് കരുതപ്പെടുന്നത്. മിലാനൊപ്പം ഒരിക്കലും യുവന്റസിനൊപ്പം അഞ്ചു തവണയും സീരി എ കിരീടം സ്വന്തമാക്കിയിട്ടുള്ള പരിശീലകനാണ് അല്ലെഗ്രി.


facebooktwitterreddit