വിയ്യാറയലിനെതിരെ വമ്പൻ തോൽവിയേറ്റു വാങ്ങി ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായത് നാണക്കേടല്ലെന്ന് അല്ലെഗ്രി

Allegri On Juventus' Champions League Elimination
Allegri On Juventus' Champions League Elimination / Jonathan Moscrop/GettyImages
facebooktwitterreddit

വിയ്യാറയലിനെതിരെ അപ്രതീക്ഷിതമായ വമ്പൻ തോൽവിയേറ്റു വാങ്ങി യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത് വലിയൊരു നാണക്കേടും ടീമിന്റെ പരാജയവുമായി കണക്കാക്കാൻ കഴിയില്ലെന്ന് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. യുവന്റസിനെക്കാൾ മികച്ച പത്തോളം ടീമുകൾ യൂറോപ്പിലുണ്ടെന്നു പറഞ്ഞ അല്ലെഗ്രി വിയ്യാറയലിന്റെ ആദ്യത്തെ ഗോളാണ് മത്സരം മാറ്റിമറിച്ചതെന്നു പറഞ്ഞു.

വിയ്യാറയലിന്റെ മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതിനു ശേഷം അലയൻസ് അരീനയിൽ വെച്ചു നടന്ന രണ്ടാംപാദത്തിന്റെ എഴുപത്തിയെട്ടാം മിനുട്ടു വരെ രണ്ടു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. എഴുപത്തിയെട്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ വിയ്യാറയൽ അതിനു ശേഷം രണ്ടു ഗോളുകൾ കൂടി നേടിയാണ് മത്സരം സ്വന്തമാക്കിയത്.

"എഴുപത്തിയഞ്ചാം മിനുട്ടു വരെയും ടീം മികച്ച കളി കാഴ്‌ച വെച്ചുവെന്നാണ് ഞാൻ കരുതുന്നത്. രണ്ടാംപകുതിയിൽ വിയ്യാറയൽ പ്രതിരോധത്തിലേക്ക് മാത്രം വലിയുകയും ലഭിച്ച ഒരു അവസരം മുതലാക്കുകയും ചെയ്‌തു. ഫുട്ബോൾ അങ്ങിനെയാണ്, ഒരു സംഭവം എല്ലാം മാറ്റിമറിക്കും." അല്ലെഗ്രി മാധ്യമങ്ങളോട് പറഞ്ഞു.

"ഞങ്ങൾക്ക് ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. രണ്ടാം പകുതിയിൽ വിയ്യാറയൽ പതിനൊന്നു പേരെയും വെച്ച് പ്രതിരോധത്തിലേക്ക് മാത്രം വലിഞ്ഞതിനാൽ അതുണ്ടായില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. പക്ഷെ ആ ഗോൾ എല്ലാം മാറ്റിമറിച്ചു."

"യൂറോപ്പിലെ പത്തു ടീമുകളോളം യുവന്റസിനെക്കാൾ ഉയർന്ന നിലവാരത്തിലുണ്ട്. അതൊരു നാണക്കേടാണ്, യാഥാർഥ്യം തന്നെയാണ്. ഇതൊരു വലിയ പരാജയമാണെന്നു പറയുന്നത് മര്യാദയല്ല." അല്ലെഗ്രി വ്യക്തമാക്കി.

യുവന്റസിനൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കി നൽകിയ പരിശീലകനാണെങ്കിലും ഈ സീസണിൽ തന്റെ മാജിക്ക് പുറത്തെടുക്കാൻ അല്ലെഗ്രിക്ക് കഴിഞ്ഞിട്ടില്ല. സീരി എയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന യുവന്റസിന് സീസണിൽ ആകെയുള്ള കിരീടപ്രതീക്ഷ കോപ്പ ഇറ്റാലിയ മാത്രമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.