ഉഡിനെസിനെതിരെ റൊണാൾഡോയെ ബെഞ്ചിലിരുത്തിയത് തന്റെ തീരുമാനമെന്ന് അല്ലെഗ്രി


ഉഡിനെസിനെതിരെ നടന്ന, ഈ സീസണിൽ യുവന്റസിന്റെ ആദ്യത്തെ സീരി എ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള തീരുമാനം തന്റേതു തന്നെയായിരുന്നു എന്നു വ്യക്തമാക്കി പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. യുവന്റസ് രണ്ടു ഗോൾ നേടി മുന്നിലെത്തിയതിനു ശേഷം തിരിച്ചടിച്ച് ഉഡിനസ് സമനില നേടിയെടുത്ത മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കഴിഞ്ഞ സീസണിലെ സീരി എ ടോപ് സ്കോററായ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നത്.
ഫാബ്രിസിയോ റൊമാനോയും വിവിധ ഇറ്റാലിയൻ മീഡിയകളും റിപ്പോർട്ട് ചെയ്തത് ആദ്യ ഇലവനിൽ ഇറങ്ങുന്നില്ലെന്ന തീരുമാനം റൊണാൾഡോയുടേതു തന്നെയായിരുന്നു എന്നാണ്. സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതു മുൻപ് ക്ലബ് വിടാൻ താത്പര്യമുള്ളതു കൊണ്ടാണ് റൊണാൾഡോ ഇങ്ങിനെയൊരു തീരുമാനം എടുത്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു എങ്കിലും അതിനെയെല്ലാം അല്ലെഗ്രി നിഷേധിച്ചു.
"റൊണാൾഡോ പൂർണമായും തയ്യാറായിരുന്നു. മത്സരത്തിന് മുൻപ് അദ്ദേഹത്തോട് സംസാരിച്ച ഞാൻ ബെഞ്ചിലായിരിക്കും താരം സ്റ്റാർട്ട് ചെയ്യുകയെന്ന് അറിയിച്ചിരുന്നു. സ്വയം സന്നദ്ധനായിരുന്ന താരം കളിക്കളത്തിൽ ഇറങ്ങിയപ്പോൾ വളരെ മികച്ച പ്രകടനം നടത്തുകയും ചെയ്തു," അല്ലെഗ്രി ഡിഎസെഡ്എന്നിനോട് പറഞ്ഞു.
മത്സരത്തിൽ യുവന്റസ് നല്ല പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ കുറച്ചു കൂടി മെച്ചപ്പെടണമായിരുന്നുവെന്നും അല്ലെഗ്രി പറഞ്ഞു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ടീമിന് കഴിഞ്ഞില്ലെങ്കിലും ഇതൊരു പാഠമായി കരുതി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ ടീമിന് വിജയം നൽകിയെന്ന് ഏവരും കരുതിയിരുന്നതായിരുന്നു. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ താരം ഒരു ഗോൾ നേടിയെങ്കിലും വീഡിയോ റഫറിയുടെ പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് യുവന്റസിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.