Football in Malayalam

യുവന്റസിൽ തുടരുമെന്നാണ് റൊണാൾഡോ പറഞ്ഞത്, റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകാൻ താരം ആഗ്രഹിച്ചിട്ടില്ലെന്ന് അല്ലെഗ്രി

Sreejith N
FBL-ITA-SERIEA-ATALANTA-JUVENTUS
FBL-ITA-SERIEA-ATALANTA-JUVENTUS / MARCO BERTORELLO/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിച്ച്‌ ആൻസലോട്ടിയെ ബന്ധപ്പെട്ടുവെന്ന മാധ്യമവാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. യൂറോ കപ്പിനു ശേഷമുള്ള അവധി ദിവസങ്ങൾ കഴിഞ്ഞ് യുവന്റസിൽ എത്തിയതിനു ശേഷം ഇറ്റാലിയൻ ക്ലബിനൊപ്പം തന്നെ തുടരുമെന്നു റൊണാൾഡോ തന്നോട് പറഞ്ഞുവെന്ന് അല്ലെഗ്രി വ്യക്തമാക്കി.

ദിവസങ്ങൾക്കു മുൻപാണ് റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഒരിടവേളക്കു ശേഷം വീണ്ടും ശക്തമായത്. റയൽ മാഡ്രിഡിലേക്ക് തിരിച്ചുപോകാൻ വേണ്ടി താരം ആൻസലോട്ടിയെ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആൻസലോട്ടിയും താരവും അതു നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുമായി റൊണാൾഡോയെ ബന്ധപ്പെടുത്തിയും ആ സമയത്ത് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

"റൊണാൾഡോ ഒരിക്കലും യുവന്റസ് വിടാൻ ആഗ്രഹിച്ചിട്ടില്ല. താരം എന്നോട് പറഞ്ഞത് ക്ലബിനൊപ്പം തുടരുമെന്നും ഇവിടെ തന്നെ ഉണ്ടാകുമെന്നുമാണ്. താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഞാനും വായിച്ചിരുന്നു. എന്നാൽ യുവന്റസ് വിടുന്നതിനു താരത്തിന്റെ ഭാഗത്തു നിന്നും യാതൊരു ആഗ്രഹവും ഉണ്ടായിട്ടില്ല." അല്ലെഗ്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈ സീസണിലെ ആദ്യത്തെ ലീഗ് മത്സരത്തിൽ ഇന്നു രാത്രി യുഡിനസിനെ നേരിടാൻ ഒരുങ്ങുകയാണ് യുവന്റസ്. ഇറ്റാലിയൻ ക്ലബിനൊപ്പം റൊണാൾഡോയുടെ നാലാമത്തെ സീസണാണ് ഇത്തവണത്തേത്. ഇതുവരെ 133 മത്സരങ്ങൾ യുവന്റസിനു വേണ്ടി കളിച്ച താരം 101 ഗോളുകളും രണ്ടു സീരി എ ഉൾപ്പെടെ അഞ്ചു കിരീടങ്ങളും നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit